ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം കോഴിക്കോട് പിടിയില്‍



  • ഹവാല ഇടപാടുകാരെ ആക്രമിച്ച് പലതവണ സംഘം പണം തട്ടിയിട്ടുണ്ട്. സ്രോതസ് തെളിയിക്കാൻ കഴിയാത്ത പണം ആയതിനാൽ ആരും പരാതിപ്പെടാറില്ല


വടകര: ഹവാല ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം കോഴിക്കോട് വടകരയിൽ അറസ്റ്റിലായി. പണം കൊള്ളയടിക്കുന്നതിന് ഒരാഴ്ചയിലേറെയായി സംഘം വടകരയിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. പൊലീസിനെ വെട്ടിച്ചു കടന്ന സംഘത്തെ കിലോമീറ്ററുകൾ പിന്തുടർന്നാണ് പിടികൂടിയത്.



വടകര സ്വദേശി റഷീദ്, കണ്ണൂർ പാലയാട് സ്വദേശികളായ സജീവൻ, ലനീഷ്, സജിത്ത്, ധർമ്മടം സ്വദേശി ഷിജിൻ, ചക്കരക്കൽ സ്വദേശി അശ്വന്ത് എന്നിവരയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വടകര വില്യാപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഒരു ബൈക്കുമായി കൂട്ടിയിടിച്ചു. ഇതേതുടർന്ന് നാട്ടുകാരുമായി തർക്കമുണ്ടായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് പ്രതികൾ സ്ഥലംവിട്ടു. ഏറെ ദൂരം പ്രതികളുടെ വാഹനത്തെ വടകര സിഐയും സംഘവും പിന്തുടർന്നു. ചെറുവണ്ണൂരിൽ വച്ചാണ് ഇവർ പിടിയിലാകുന്നത്.



ഹവാല ഇടപാടുകാരെ ആക്രമിച്ച് പലതവണ സംഘം പണം തട്ടിയിട്ടുണ്ട്. സ്രോതസ് തെളിയിക്കാൻ കഴിയാത്ത പണം ആയതിനാൽ ആരും പരാതിപ്പെടാറില്ല. പ്രതികൾ നേരത്തെ ഹവാല ഇടപാടുകൾ നടത്തിയിരുന്നവരാണ്. അതിനാൽ പണം കൈമാറ്റത്തിന്‍റെ വഴികൾ ഇവർക്ക് നന്നായി അറിയാമെന്ന് പൊലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷൻ നമ്പർ പതിച്ച കാറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവരുടെ വാഹനത്തിൽ നിന്ന് കുരുമുളക് സ്പ്രേ, വടിവാളുകൾ, മുഖംമൂടി എന്നിവ പൊലീസ് കണ്ടെടുത്തു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments