മലയോര മേഖലകളിൽ ഡെങ്കിപ്പനി പടരുന്നു; ആരോഗ്യപ്രവർത്തകരില്ലാത്തതിനെതിരെ പ്രക്ഷോഭത്തിലേക്ക് നീങ്ങി നാട്ടുകാര്‍



കോഴിക്കോട്:മഴക്കാലമെത്തുന്നതിന് മുമ്പേ കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു. എന്നാല്‍ ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാവിലുംപാറ ഗ്രാമപഞ്ചായത്തില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ല. ഇതിനെതിരെ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ് നാട്ടുകാര്‍.



മഴയെത്തിയിട്ടില്ല. അതിനുമുമ്പേ കോഴിക്കോടിന്‍റെ കിഴക്കന്‍ മലയോര ഗ്രാമമായ കാവിലുംപാറയില്‍ 35 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. എന്നാല്‍ കൂടുതല്‍ പേരിലേയ്ക്ക് പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഇതുവരെ ആയിട്ടില്ല. ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരില്ലാത്താണ് വലയ്ക്കുന്നത്. മേഖല തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുകളാണ് ഏറെ. ജില്ലാ മെഡിക്കല്‍ ഓഫിസറെ പ്രതിസന്ധി പലതവണ ബോധിപ്പിച്ചിട്ടും കൂടുതല്‍ പേരെ നിയോഗിക്കാന്‍ നടപടിയുണ്ടാകുന്നില്ല.



പനി പടര്‍ന്നുപിടിക്കുമ്പോഴും പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് കാട്ടുന്നത് തികഞ്ഞ അവഗണനയാണ്. ആവശ്യത്തിന് മരുന്നുകള്‍ കൃത്യമായി എത്തിക്കാതെ ജീവനക്കാരെ പോലും അധികൃതര്‍ പ്രതിസന്ധിയിലാക്കുന്നതായാണ് പരാതി.

Post a Comment

0 Comments