വ‍ൃത്തിഹീനം; കോഴിക്കോട് നാല് ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടികോഴിക്കോട്: ന​ഗരത്തിലെ ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പിന്‍റെ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന നാല് ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അധികൃതർ അടച്ചുപൂട്ടി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രണ്ട് കേന്ദ്രങ്ങള്‍ക്കെതിരേയും ആരോഗ്യ വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.കോഴിക്കോട് പാളയം, അഴകൊടി ദേവീക്ഷേത്ര പരിസരം, യു കെ എസ് റോഡ് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ രണ്ടിനാണ് കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം റെയ്ഡ് നടത്തിയത്. പരിപ്പ് വട, ഉഴുന്ന് വട, പൊരിച്ചപത്തിരി തുടങ്ങിയ എണ്ണ പലഹാരങ്ങൾ ഉൾപ്പടെയുള്ള തയ്യാറാക്കുന്ന നിർമ്മാണ കേന്ദ്രങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.

ചെറുകിട ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ലഘുഭക്ഷണങ്ങള്‍ എത്തുന്നത് ഇത്തരം നിര്‍മ്മാണ സ്ഥലങ്ങളില്‍ നിന്നാണ്.

പരിശോധനയിൽ ജീവനക്കാര്‍ വ്യക്തി ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന എണ്ണ പലതവണ ഉപയോഗിക്കുന്നുണ്ട്. ഇത് ആമാശയ കാന്‍സര്‍ വരെ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.ലഘുഭക്ഷണങ്ങള്‍ തയ്യാറാക്കുന്ന ഓരോ സ്ഥാപനവും 5000 മുതല്‍ 15,000 വരെ എണ്ണം പലഹാരങ്ങള്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ന​ഗരത്തിലെ മറ്റ് ലഘുഭക്ഷണ നിര്‍മ്മാണ കേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്‍റെ തീരുമാനം.

Post a Comment

0 Comments