ഹജ്ജ്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ സംഘം പുറപ്പെട്ടു



കരിപ്പൂര്‍:കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴിപോകുന്ന തീര്‍ഥാടകരുടെ ആദ്യ സംഘം പുറപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2:35 നാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ സംഘം യാത്ര തിരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മദീനയാണ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത്.



298 യാത്രക്കാരുടെ സംഘമാണ് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ടത്. മൂന്നുമണിയോടെ മറ്റൊരു വിമാനത്തില്‍ 294 തീര്‍ഥാടകരുടെ സംഘവും യാത്ര തിരിച്ചു. ഇരുപതാം തിയതി വരെ 35 വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഹാജിമാര്‍ക്ക് ആയി ക്രമീകരിച്ചിരിക്കുന്നത്. 11472 തീര്‍ഥാടകരാണ് ഇത്തവണ സര്‍ക്കാര്‍ ക്വാട്ടയില്‍ സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പോകുന്നത്. വിശുദ്ധ യാത്രയ്ക്ക് പുറപ്പെടുന്നതിനു മുന്‍പ് തീര്‍ത്ഥാടകര്‍ പലരും സന്തോഷം പങ്കുവെച്ചു. പലരും വികാര ഭരിതരായി.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തീര്‍ഥാടക സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മദീനയാണ്. ഇതിന് ശേഷം ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി നേരത്തെ മടങ്ങാന്‍ ഇത് സഹായകമാകും. ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ 55 പേരടങ്ങുന്ന അംഗങ്ങള്‍ തീര്‍ത്ഥാടകരുടെ ബാഗേജ്, ടാഗ്, സീല്‍ പതിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ണസമയം നിര്‍വ്വഹിക്കും.



നാലു വര്‍ഷത്തിനു ശേഷമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എംബാര്‍ക്കേഷന്‍ പോയന്റ് വീണ്ടും അനുവദിച്ചു കിട്ടുന്നത്. അതനുസരിച്ച് മുന്‍ വര്‍ഷത്തെ നെടുമ്പാശ്ശേരി കൂടി നിലനിര്‍ത്തി സംസ്ഥാനത്ത് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് ഈ വര്‍ഷം നിലവിലുള്ളത്.

Post a Comment

0 Comments