കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനംകോഴിക്കോട്:കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾകൂടി പൊതുജന പങ്കാളിത്തത്തോടെ (പിപിപി) വികസിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോഴിക്കോടിനൊപ്പം ഭുവനേശ്വർ, പട്ന, ഇൻഡോർ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, റായ്പുർ, റാഞ്ചി, വാരാണസി, അമൃത്‌സർ വിമാനത്താവളങ്ങളാണു സ്വകാര്യവൽക്കരണ പദ്ധതിയുടെ നാലാംഘട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ഈ വിമാനത്താവളങ്ങളുടെ ആസ്തി, ശേഷി, വരുമാനം, സർവീസുകൾ എന്നിവ സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ എയർപോർട്ട് അതോറിറ്റിക്കു നിർദേശം നൽകി.വിമാനത്താവളങ്ങളുടെ നടത്തിപ്പ്, സേവനങ്ങൾ, സാങ്കേതിക വൈദഗ്ധ്യം, പ്രഫഷനലിസം എന്നീ കാര്യങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് കേന്ദ്രസർക്കാർ 10 വിമാനത്താവളങ്ങൾകൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചത്. എന്നാൽ, വിമാനത്താവളങ്ങളിലെ സേവന നിരക്കുകളിലടക്കം വർധനയുണ്ടാകുമെന്നതു യാത്രക്കാർക്കു വെല്ലുവിളിയാണ്.സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളിൽ എയർ നാവിഗേഷൻ പ്രവർത്തനങ്ങൾ മാത്രമാണ് എയർപോർട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുണ്ടാകുക. കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങൾക്കും മാറ്റമുണ്ടാകില്ല.തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കഴിഞ്ഞ നവംബറിൽ തീരുമാനിച്ചിരുന്നു. നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പിപിപി മാതൃകയിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 23 ആകും. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും ഇതിലുൾപ്പെടും.

Post a Comment

0 Comments