ഗോളടിച്ചുകൂട്ടി മാര്‍ക്കസ് ജോസഫ്; ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ ഗോകുലത്തിന് മൂന്നാം വിജയംഹൗറ: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ ഗോകുലം എഫ്.സിക്ക് തുടർച്ചയായ മൂന്നാം വിജയം. ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ ഹാട്രിക് മികവിൽ ട്രാവുവിനെ (TRAU) ഒന്നിനെതിരേ നാല് ഗോളിന് ഗോകുലം തകർത്തു. നേരത്തെ തന്നെ ഗോകുലം സെമിയിൽ ഇടം നേടിയിരുന്നു. ഈസ്റ്റ് ബംഗാൾ ആണ് എതിരാളി. രണ്ടാം പകുതിയിലായിരുന്നു അഞ്ച് ഗോളുകളും പിറന്നത്. 57-ാം മിനിറ്റിൽ ബ്രൂണോയുടെ ക്രോസിൽ നിന്ന് മാർകസ് ഗോകുലത്തിന് ലീഡ് നൽകി. 64-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാർക്കസ് വീണ്ടും ലക്ഷ്യം കണ്ടു.71-ാം മിനിറ്റിൽ ആന്ദ്രെ എറ്റിയെന്ന ഗോകുലത്തിന്റെ ലീഡുയർത്തി. ഇതോടെ കേരള ടീം മൂന്നു ഗോളിന് മുന്നിലെത്തി. എട്ടു മിനിറ്റിനുള്ളിൽ മലയാളി താരം രാഹുൽ കെ.പിയുടെ അസിസ്റ്റിൽ മാർക്കസ് ഹാട്രിക് പൂർത്തിയാക്കി. ടൂർണമെന്റിൽ ഇന്ന് മാർക്കസിന്റെ രണ്ടാം ഹാട്രിക്കാണിത്. നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ശേഷിക്കെ റോജർ ട്രാവുവിനായി ഒരു ഗോൾ തിരിച്ചടിച്ചു.ആദ്യ രണ്ടു മത്സരങ്ങളിലായി മാർക്കസ് അഞ്ചു ഗോൾ നേടിയിരുന്നു. ഇതോടെ ഇതുവരെ ടൂർണമെന്റിൽ ഗോകുലത്തിന്റെ ക്യാപ്റ്റൻ എട്ടു ഗോളുകൾ കണ്ടെത്തി. ബുധനാഴ്ച്ചയാണ് ഈസ്റ്റ് ബംഗാളും ഗോകുലവും തമ്മിലുള്ള സെമിഫൈനൽ. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

Post a Comment

0 Comments