പുതുചരിത്രം കുറിച്ച് ഗോകുലം; ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം




കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ഫൈനലിൽ കരുത്തരായ മോഹൻ ബഗാനെ തകർത്ത് ഗോകുലം കേരള എഫ്.സി. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്.



ഇരട്ടഗോൾ നേടിയ ക്യാപ്റ്റൻ മാർക്കസ് ജോസഫ് തന്നെയാണ് ഫൈനലിലും താരമായത്. ടൂർണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. ഇതോടെ 1997-ൽ എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പിൽ മുത്തമിടുന്ന കേരള ടീം എന്ന നേട്ടം ഗോകുലം സ്വന്തമാക്കി. എഫ്.സി. കൊച്ചിൻ കിരീടം നേടുമ്പോഴും ഫൈനലിൽ എതിരാളി ബഗാനായിരുന്നു.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റിൽ സാൽവദോർ പെരസ് മാർട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോൾ. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാർട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.


45-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നായിരുന്നു മാർക്കസിന്റെ ആദ്യ ഗോൾ. ബഗാൻ ഗോളി ദേബ്ജിത്ത് മജുംദാർ ഹെൻ?റി കിസിക്കെയെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് മാർക്കസ് വലയിലാക്കിയത്. ടൂർണമെന്റിലെ മാർക്കസിന്റെ പത്താം ഗോളായിരുന്നു ഇത്. 44-ാം മിനിറ്റിൽ മാർക്കസ് നൽകിയ ത്രൂപാസുമായി ഗോളിയെ വെട്ടിച്ച് ഒറ്റയ്ക്ക് ബോക്സിലേയ്ക്ക് കയറാൻ ശ്രമിച്ചപ്പോഴായിരുന്നു ഫൗൾ. ദേബ്ജിത്തിന് റഫറി മഞ്ഞകാർഡും നൽകി.



രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ മാർക്കസ് രണ്ടാമതും ലക്ഷ്യം കണ്ടു. ബോക്സിന്റെ തൊട്ടു മുൻപിൽ നിന്ന് നാച്ചോ തള്ളിയിട്ടുകൊടുത്ത പന്തുമായി ഇടതു പാർശ്വത്തിൽ നിന്ന് ബോക്സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ മാർക്കസ് ഒരു സോളോ റണ്ണിലൂടെ ഇടതു പോസ്റ്റിനടുത്തെത്തി വലയിലേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. ടൂർണമെന്റിലെ മാർക്കസിന്റെ പതിനൊന്നാം ഗോൾ. ഗ്രൂപ്പിൽ തോൽവിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

Post a Comment

0 Comments