അവധിക്ക് കേരളത്തിലേക്ക്: പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്ക്



ദുബായ്:യു.എ.ഇ.യിൽ ആഘോഷപരിപാടികൾ നിരവധിയുണ്ടെങ്കിലും അവധിക്കാലം ആസ്വദിക്കാൻ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് സ്വദേശത്തേക്കുതന്നെ മടങ്ങണം. എന്നാൽ അവധിക്ക് നാട്ടിലേക്കു പോകുന്നവർ വിമാനടിക്കറ്റിലൊന്ന് കൈവെച്ചാൽ പൊള്ളുന്ന അവസ്ഥയിലാണ്.



ജൂലായിൽ കുത്തനെ ഉയർന്ന വിമാനടിക്കറ്റുകൾ ഓഗസ്റ്റ് പകുതിയോടെ അല്പമെങ്കിലും താഴുമെന്ന ആശ്വാസത്തിലായിരുന്നു പലരും. പക്ഷേ, പെരുന്നാളിനോടനുബന്ധിച്ച് മൂന്നിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വർധിച്ചത്. യു.എ.ഇ.യിൽ നാലുദിവസത്തെ ബലിപെരുന്നാൾ അവധി ഓഗസ്റ്റ് പത്ത് മുതൽ 13 വരെയാണ്. ഇതിനിടയിൽ നാട്ടിൽ കുടുംബാംഗങ്ങളുമൊത്ത് പെരുന്നാൾ ആഘോഷിക്കാനിരുന്നവരും വെട്ടിലായി. യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് ഒരാൾക്കുമാത്രം പോയിവരാനുള്ള വിമാനടിക്കറ്റ് നിരക്കുകൾ കണ്ടാൽ കണ്ണുതള്ളിപ്പോകും. ഒരാൾക്ക് 2500 മുതൽ 7000 ദിർഹം വരെ നൽകണം. ഓഗസ്റ്റ് എട്ടിന് പുറപ്പെട്ട് ഓഗസ്റ്റ് 15- ന് മടങ്ങുകയാണെങ്കിൽ സ്‌പൈസ് ജെറ്റ് ടിക്കറ്റിന് ഒരാൾക്ക് 2216 ദിർഹം നൽകണം.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസിൽ 3000 ദിർഹം വരെയാണ് നിരക്ക്. ഫ്‌ളൈ ദുബായ് 3300 ദിർഹം, ഇൻഡിഗോ 2900 ദിർഹം, എമിറേറ്റ്‌സ് 7000 ദിർഹം എന്നിങ്ങനെയാണ് ഇതര വിമാനങ്ങളുടെ ഏകദേശനിരക്ക്. വരുംദിവസങ്ങളിൽ ഇത് ഇനിയും ഉയരും. ദുബായ്-കോഴിക്കോട് ഇൻഡിഗോ 2400 ദിർഹം, എയർ ഇന്ത്യ എക്‌സ്‌പ്രസ് 2800 ദിർഹം, സ്‌പൈസ് ജെറ്റ് 2600 ദിർഹം. ഇതുപോലെ തന്നെയാണ് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള നിരക്കുകളിലെയും അവസ്ഥ.



വിമാനടിക്കറ്റ് നിരക്കിൽ യാത്രക്കാരുടെ കടുത്ത പ്രതിഷേധം തുടരുമ്പോഴും അച്ഛനും അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു ശരാശരി കുടുംബത്തിന് ലക്ഷങ്ങൾ മുടക്കിയാൽ മാത്രമേ അവധിക്കാലത്ത് സ്വന്തം നാട്ടിലേയ്ക്ക് പോയിവരാൻ സാധിക്കൂ. ഇനി വേനലവധിക്ക് നാട്ടിലേക്ക് പോയവർ സെപ്റ്റംബർ ഒന്നിന് സ്‌കൂൾ തുറക്കും മുൻപ് തിരിച്ചെത്തേണ്ടതുണ്ട്. എന്നാൽ സെപ്റ്റംബർ പകുതിയോടെ മാത്രമേ ടിക്കറ്റ് നിരക്കിൽ അല്പമെങ്കിലും കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. വേനലവധി അവസാനിക്കുന്നതും പെരുന്നാൾ അവധിയും ഒന്നിച്ചെത്തിയതിനാൽ പല വിമാനങ്ങളിൽനിന്ന്‌ ടിക്കറ്റുകൾ ലഭിക്കുന്നുമില്ല. ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും 2800 ദിർഹം മുതൽ മുകളിലേയ്ക്കാണ് ടിക്കറ്റ് നിരക്ക്. ചിലയിടത്തേക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റുകളും ലഭ്യമല്ല.

Post a Comment

0 Comments