കോഴിക്കോട്: കേരളത്തിൽ സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. തുടർച്ചയായി രണ്ടു തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സ്ഥിരം ജാഗ്രതാ സംവിധാനത്തിന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയത്.
മസ്തിഷ്കജ്വര ലക്ഷണങ്ങളോടെയുള്ള പനികളിൽ സ്ഥിരം ജാഗ്രതയും നിരീക്ഷണവും പുലർത്തണമെന്ന് രണ്ട് മാസം മുൻപാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്ത് നൽകിയത്. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് കേരള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നൽകി.
പഴംതീനി വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം തുടർച്ചയായി കണ്ടതിനാൽ വിശദമായ പഠനം വേണമെന്നും കേന്ദ്രം നിർദേശിച്ചു. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തണം. ഏതൊക്കെ മേഖലകളിൽ വൈറസ് സാന്ദ്രത കൂടുതലായി കാണുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തണമെന്നും നിർദേശമുണ്ട്. വളർത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
പനി മരണങ്ങൾ പഠിക്കാൻ കേരളത്തിൽ സമിതിയുണ്ട്. എന്നാൽ സാമ്പിൾ ശേഖരണം പൂർണമായും ഫലപ്രദമല്ലാത്തത് വെല്ലുവിളിയായി നിൽക്കുന്നു. ഇക്കൊല്ലം സംസ്ഥാനത്തുണ്ടായ പനിമരണങ്ങൾ നാൽപതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
0 Comments