ബൈപ്പാസ് ആറുവരിപ്പാതയാകാൻ ഇനിയും കടമ്പകളേറെ



കോഴിക്കോട്:ബൈപ്പാസ് ആറുവരിയാക്കൽ ഡിസംബറിൽ ഉദ്ഘാടനംചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാരംഭനടപടിക്രമങ്ങൾ ഇനിയും ബാക്കി. കരാറുകാർ സമർപ്പിച്ച ബാങ്ക് ഗാരന്റിക്ക്‌ ദേശീയപാത അതോറിറ്റി തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടേയുള്ളൂ. ബാങ്ക് ഗാരന്റിയിലും ഫിനാൻഷ്യൽ ക്ലോഷറിലും ചിലമാറ്റങ്ങൾ വരുത്തി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തത്ത്വത്തിൽ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻതന്നെ മാസങ്ങളാണെടുത്തത്. ഇനി അന്തിമതീരുമാനമെടുത്ത് പണി തുടങ്ങാനുള്ള തീയതികൂടെ നൽകിയശേഷമേ ആറുവരിപ്പാതയുടെ പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ.



രാമനാട്ടുകരമുതൽ വെങ്ങളംവരെ 28.4 കിലോമീറ്റർ ആറുവരിയിൽ വീതികൂട്ടാൻ 2018 ഏപ്രിൽ 18-നാണ് കെ.എം.സി. കരാറേറ്റെടുത്തത്. എന്നാൽ, തുടക്കംമുതൽ കരാറുകാർ കാലതാമസം വരുത്തി. റീടെൻഡർ നടത്തേണ്ടിവരുമെന്ന അവസ്ഥയിലാണ് ഇൻകലിനെക്കൂടി പങ്കാളിയാക്കി കെ.എം.സി. ബാങ്ക് ഗാരന്റി സമർപ്പിച്ചത്. ബാങ്ക് ഗാരന്റി നൽകാൻപോലും കഴിയാത്ത കമ്പനിയെ 1710 കോടിയുടെ പദ്ധതി ഏൽപ്പിച്ചതാണ് എല്ലാകുഴപ്പവുമുണ്ടാക്കിയതെന്ന പരാതിയുമായി പൊതുമരാമത്തുമന്ത്രി ജി. സുധാകരനടക്കം രംഗത്തുവന്നിരുന്നു. എം.കെ. രാഘവൻ എം.പി. ഇടപെട്ടാണ് ഇപ്പോൾ മണ്ണുപരിശോധിക്കാനുള്ള നപടികളെങ്കിലും കരാറുകാരെടുത്തത്. ഇനി കെ.എസ്.ഇ.ബി., ജലഅതോറിറ്റി, ബി.എസ്.എൻ.എൽ. എന്നിവയുടെ കേബിളുകളെല്ലാം മാറ്റിസ്ഥാപിച്ച് റോഡ് കൈമാറേണ്ടതുണ്ട്. പക്ഷേ, ബാങ്ക് ഗാരന്റിക്ക്‌ അംഗീകാരമാവാതെ റോഡ്‌ കൈമാറാൻ കഴിയില്ല. നടപടികളെല്ലാം അതിേവഗത്തിലാക്കിയാലേ ഡിസംബറിൽ റോഡുപണി തുടങ്ങാൻ കഴിയുകയുള്ളൂ.

പ്രവൃത്തി ഇത്രയേറെ വൈകിപ്പിചസാഹചര്യത്തിൽ കെ.എം.സി.ക്കെതിരേ നപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എൻ.എച്ച്.എ.ഐ. റീജണൽ മാനേജർ ചെയർമാന് കത്തുനൽകിയിട്ടുണ്ടെങ്കിലും ഒരു നപടിയുമുണ്ടായിട്ടില്ല. സ്ഥലമേറ്റെടുക്കൽ വൈകുന്നതുകൊണ്ടാണ് കേരളത്തിൽ മറ്റിടങ്ങളിൽ ദേശീയപാതാവികസനം നടക്കാതെപോയത്. എന്നാൽ, വർഷങ്ങൾക്കുമുന്പ് സ്ഥലമെടുപ്പ് പൂർത്തിയായിട്ടും കരാറുകാരുടെ വീഴ്ചകൊണ്ട് ഒന്നരവർഷത്തോളം പ്രവൃത്തിതുടങ്ങാൻ കാലതാമസം നേരിട്ട കേരളത്തിലെ ഏകപദ്ധതിയാവും കോഴിക്കോട് ബൈപ്പാസ്. കാലതാമസം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുമില്ലാതെപോയതാണ് ഇത്രയേറെ വഷളാക്കിയത്.



കുതുരങ്കത്തിന്റെ പ്രവൃത്തിയേറ്റെടുത്തതും ഇതേ കരാറുകാരാണ്. അതും മുടങ്ങിയിട്ട് കാലങ്ങളായി. രണ്ടുവർഷമാണ് ആറുവരിപ്പാതയാക്കൽ പൂർത്തിയാക്കാനുള്ള കാലാവധി. തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളിൽ മൂന്നുവരിപ്പാലം ഉൾപ്പെടെ ഏഴു മേൽപ്പാലങ്ങളും നാലു അടിപ്പാതകളും പണിയാനുണ്ട്. കരാറിൽ പങ്കാളിയായ ഇൻകലിനാകട്ടെ ഇത്രവലിയ റോഡുപദ്ധതിയൊന്നും ഏറ്റെടുത്ത് പരിചയവുമില്ല. അതുകൊണ്ട് എല്ലാ തടസ്സങ്ങളും നീക്കിതുടങ്ങിയാൽത്തന്നെ പ്രവൃത്തി പൂർത്തിയാവൽ അനന്തമായി നീളുമെന്നാണ് പൊതുവേയുള്ള പരാതി.

Post a Comment

0 Comments