കൊയിലാണ്ടി നഗരമധ്യത്തിലെ ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ഇന്നുമുതൽ


കൊയിലാണ്ടി :കൊയിലാണ്ടി നഗരമധ്യത്തിൽ റോഡ് വികസനത്തിന് തടസ്സമായിനിന്ന ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കാൻ നടപടിയായി. ട്രാൻസ്‌ഫോർമർ മാറ്റുന്ന പ്രവൃത്തി ചൊവ്വാഴ്ച ആരംഭിക്കും. ആദ്യം വൈദ്യുതത്തൂണുകൾ മാറ്റും. വളരെ താഴ്ന്നുകിടക്കുന്ന വൈദ്യുതലൈൻ 12 മീറ്റർ ഉയരമുളള കാലുകൾ സ്ഥാപിച്ചു ഉയർത്തും.



നിലവിലുളള ട്രാൻസ്‌ഫോർമർതന്നെയാണ് പുതിയ സ്റ്റാൻഡ്‌ അനക്‌സ് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കുന്നത്. ഇതിന്റെ പണി ഒരാഴ്ചയിലധികം നീണ്ടുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഇതുകാരണം നഗരത്തിലെ വൈദ്യുതിവിതരണം ഭാഗികമായി മുടങ്ങാൻ സാധ്യതയുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായും നഗരസൗന്ദര്യവത്‌കരണത്തിനുമായി നാറ്റ്പാക് പദ്ധതിപ്രകാരം റോഡ് സുരക്ഷാഫണ്ടിൽനിന്ന് സംസ്ഥാന സർക്കാർ അനുവദിച്ച 2.98 കോടി രൂപയുടെ വികസനപ്രവൃത്തി നടത്തുന്നുണ്ട്. ഇതിനുളള സൗകര്യമൊരുക്കുന്നതിനുവേണ്ടിയാണ് നഗരത്തിന്റെ നടുവിലായുള്ള ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുന്നത്. ഇതോടെ പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ ഗതാഗതതടസ്സം ഒഴിവാകും. ട്രാൻസ്‌ഫോർമർ നഗരഹൃദയത്തിൽനിന്ന്‌ മാറ്റിസ്ഥാപിക്കുകയെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനുള്ള ചെലവിനായി നഗരസഭ 2,60,000 രൂപ കെ.എസ്.ഇ.ബി.യിലേക്ക് അടച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ. സത്യൻ പറഞ്ഞു.



കൊയിലാണ്ടി നഗരവികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിൽ ഏതാനുംമാസംമുമ്പ് കൊയിലാണ്ടിയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വികസനത്തിന് തടസ്സമായിനിൽക്കുന്ന ട്രാൻസ്‌ഫോർമർ മാറ്റിസ്ഥാപിക്കുവാൻ തീരുമാനമായത്. നഗരത്തിലെ ട്രാഫിക് പരിഷ്‌കാരങ്ങൾക്കായി നാറ്റ്പാക്കിന്റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2.98 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ തുടങ്ങി. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിനാണ് പരിഷ്‌കാരങ്ങളുടെ ചുമതല. പഴയ സ്റ്റാൻഡിന് മുൻവശത്തായി ട്രാഫിക് സർക്കിൾ നിർമിക്കുവാൻ പദ്ധതിയുണ്ട്. കൂടാതെ ഓവുചാലുകൾക്ക് മുകളിലുളള സ്ലാബുകൾക്കു മുകളിൽ ടൈൽ പതിച്ച് മനോഹരമാക്കും. ഇവിടെ ഹാൻഡ്‌ റെയിലും (കൈവരി) സ്ഥാപിക്കും. ഓവുചാലുകൾ നന്നാക്കും. തെരുവുവിളക്കുകൾ, സി.സി.ടി.വി എന്നിവയും സ്ഥാപിക്കും.

Post a Comment

0 Comments