ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയ്ക്ക് പച്ചക്കൊടി



മുക്കം:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയും മലയോര ഹൈവേയും ഉടൻ യാഥാർഥ്യമാകുമെന്നും തുരങ്കപാതയുടെ ഫയലിൽ മുഖ്യമന്ത്രി അനുകൂല തീരുമാനമെടുത്തെന്നും ജോർജ് എം.തോമസ് എംഎൽഎ. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മരാമത്തു വികസന പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.



തുരങ്കപാത സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാവും. ടേൺ കീ വ്യവസ്ഥയിൽ കൊങ്കൺ റെയിൽവേ കോർപറേഷനാണു സാധ്യതാ പഠനവും വിശദ പദ്ധതി രൂപരേഖയും നിർമാണവും നടത്തുക. 1,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്ബിയുടെ ധന സഹായത്തോടെയാണു നടപ്പാക്കുകയെന്നും എംഎൽഎ പറഞ്ഞു.  മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ കക്കാടംപൊയി‍ൽ വരെയുള്ള 33 കിലോ മീറ്റർ റീച്ചിനു ടെൻഡർ ക്ഷണിച്ചു.



അടുത്ത മാസം ആദ്യം ടെൻഡർ തുറക്കും. 160 കോടിയാണു നിർമാണച്ചെലവ് കണക്കാക്കുന്നത്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാത ഉൾപ്പെടുത്തിയതായും എംഎൽഎ അറിയിച്ചു. വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിനു നടപടി ആരംഭിച്ചു. 15 മീറ്റർ വീതിയിലാണു റോഡ് നിർമാണം. ആദ്യ ഘട്ടത്തിൽ ഓമശ്ശേരി – എരഞ്ഞിമാവ് ഭാഗം ഉൾപ്പെടുത്തി. 2020 മാർച്ചിൽ വിശദ പദ്ധതി രേഖ അംഗീകരിച്ച് ജൂൺ മാസത്തോടെ പ്രവൃത്തി ആരംഭിക്കും.

Post a Comment

0 Comments