ബൈപ്പാസ്‌ ആറുവരിയാക്കല്‍ അനിശ്‌ചിതമായി നീളുന്നു



കോഴിക്കോട്‌: കോഴിക്കോട്‌ ബൈപ്പാസ്‌ ആറുവരിപ്പാതയാക്കാനുള്ള പ്രവൃത്തി തുടങ്ങുന്നത്‌ അനിശ്‌ചിതമായി നീളുന്നു. കരാര്‍ ഏറ്റെടുത്ത ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള കമ്പനിക്ക്‌ പ്രവൃത്തി ഏറ്റെടുത്തു നടത്താന്‍ കഴിയാത്തതിനാല്‍ പദ്ധതി കടലാസില്‍ തന്നെ കിട്‌ക്കുകയാണ്‌. കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയവും സംസ്‌ഥാന സര്‍ക്കാറും പ്രതിസന്ധി മറികടക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുന്നുണ്ട്‌.

[ads id="ads2"]
വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള ബൈപാസാണ്‌ ആറുവരി പാതയാക്കുന്നത്‌.ഹൈദരാബാദ്‌ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൃഷ്‌ണമോഹന്‍ കണ്‍സ്‌ട്രക്ഷന്‍ കമ്പനി (കെ.എം.സി)യാണ്‌ കരാര്‍ ഏറ്റെടുത്തിരുന്നത്‌.1710 കോടിയുടെ പദ്ധതിക്ക്‌ ബാങ്ക്‌ ഗ്യാരണ്ടി അടയ്‌ക്കാന്‍ കെ.എം.സിക്ക്‌ കഴിഞ്ഞിരുന്നില്ല.  ഇതേതുടര്‍ന്ന്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയു(യു.എല്‍.സി.സി)മായി ചേര്‍ന്ന്‌ സംയുക്‌ത സംരംഭം രൂപീകരിച്ച്‌ ബാങ്ക്‌ ഗ്യാരണ്ടി അടയ്‌ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും യു.എല്‍.സി.സി അതിനു വഴങ്ങിയിരുന്നില്ല.

നേരത്തെ ഈ പ്രവൃത്തി ഏറ്റെടുക്കാന്‍ യു.എല്‍.സി.സി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനെ മറികടന്നാണ്‌ കെ.എം.സി ഈ കരാര്‍ നേടിയിരുന്നത്‌. യു.എല്‍.സി.സി വഴങ്ങാത്ത സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനമായ ഇന്‍കെല്‍ കമ്പനിയുമായി ചേര്‍ന്ന്‌ സംയുക്‌ത സംരംഭം രൂപീകരിച്ച്‌ ബാങ്ക്‌ ഗ്യാരണ്ടി നല്‍കാന്‍ കെ.എം.സി ഗതാഗത മന്ത്രാലയത്തെ സമിപിച്ചിരുന്നു. എന്നാല്‍ ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. വെങ്ങളം മുതല്‍ രാമനാട്ടുകര ഇടിമൂഴിക്കല്‍ വരെ 28.4 കിലോമീറ്ററാണ്‌ ആറുവരിപ്പാതയാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്‌. 2017-ലാണ്‌ ഇതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്‌.

[ads id="ads1"]

2018 ഏപ്രില്‍ 18ന്‌ ദേശീയപാത അതോറിറ്റി കെ.എം.സിയുമായി കരാര്‍ ഉറപ്പിച്ചു. 85 കോടി രൂപ കഴിഞ്ഞ വര്‍ഷം നവംബര്‍ 18-ന്‌ കെ.എം.സി ബാങ്ക്‌ ഗ്യാരണ്ടി നല്‍കണമെന്നായിരുന്നു വ്യവസ്‌ഥ. 2018 ഓഗസ്‌റ്റില്‍ ആരംഭിച്ച്‌ 2020 ഏപ്രലില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുംവിധം നടപ്പാക്കാനായിരുന്നു കരാര്‍.ആദ്യ കരാര്‍ കെ.എം.സിക്ക്‌ ഉറപ്പിക്കുമ്പോള്‍ ഇവരുടെ സാമ്പത്തികഭദ്രതയും നിര്‍മാണം തീര്‍ക്കാനുള്ള പ്രാപ്‌തിയും കണക്കിലെടുത്തിരുന്നില്ല. ഇവര്‍ ഏറ്റെടുത്ത കുതിരാന്‍ പാലം നിര്‍മാണവും നിലച്ചിരുന്നു. ദേശിയപാത വികസനം മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ്‌ ബൈപ്പാസ്‌ വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്‌. ഹൈബ്രിഡ്‌ ആന്വിറ്റി മോഡലിലാണ്‌ കരാര്‍. സര്‍ക്കാര്‍ മൊത്തം തുകയുടെ 40 ശതമാനം നല്‍കും. ബാക്കി തുക കരാര്‍ ഏറ്റെടുത്ത കമ്പനി ചെലവഴിച്ച്‌ പണി പൂര്‍ത്തിയാക്കണം എന്നാണ്‌ വ്യവസ്‌ഥ.

ബൈപ്പാസ്‌ 45 മീറ്ററില്‍ ആറുവരിയാക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സര്‍ക്കാര്‍ 130 ഹെക്‌ടര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ബൈപ്പാസിനിരുവശത്തും രണ്ട്‌ സര്‍വീസ്‌ റോഡുകളും കൊടല്‍ നടക്കാവില്‍ മേല്‍നടപ്പാതയും നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്‌. നാലു വലിയ പാലങ്ങള്‍,എട്ട്‌ ഫ്‌ളെള ഓവറുകള്‍,വാഹനങ്ങള്‍ കടന്നുപോകാന്‍ നാല്‌ അടിപ്പാതകള്‍, കാല്‍നടയാത്രക്കാര്‍ക്ക്‌ പോകാന്‍ 17 അടിപ്പാതകള്‍ എന്നിവ ഇതില്‍ വിഭാവനം ചെയുന്നു.

Post a Comment

0 Comments