സർക്കാർ ഐ.ടി. പാർക്കുകൾക്ക് പുറത്ത് ചെറിയ കമ്പനികൾക്കായി സംവിധാനം ഒരുകുന്നുകോഴിക്കോട്:സംസ്ഥാനത്തെ സർക്കാർ ഐ.ടി. പാർക്കുകൾക്ക് പുറത്ത് ഐ.ടി. പാർക്കുകളുടെ കീഴിൽത്തന്നെ ചെറുകിട കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള സംവിധാനം വരുന്നു. പുതിയ കെട്ടിടങ്ങൾ വാടകക്കെടുത്തോ, സ്വകാര്യ പങ്കാളിത്തത്തോടെ ഓഫീസുകളൊരുക്കിയോ സൗകര്യമൊരുക്കാനാണ് തീരുമാനം. ഇതിനായി തിരുവന്തപുരത്തും കോഴിക്കോട്ടും താത്പര്യപത്രം ക്ഷണിച്ചു.പുതിയ കമ്പനികൾ പലതും പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്ത് പ്രവർത്തനം തുടങ്ങാൻ ആലോചിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് സൈബർ പാർക്കുളുടെ സി.ഇ.ഒ. ശശി പി. മീത്തൽ പറഞ്ഞു. ടെക്‌നോപാർക്കിൽ 150 കമ്പനികളും കോഴിക്കോട് ഇരുപതിലധികം കമ്പനികളും വെയിറ്റിങ് ലിസ്റ്റിലാണുള്ളത്. നിലവിലുള്ള കെട്ടിടത്തിന്റെ അമ്പത് ശതമാനം ഏറ്റെടുത്തുകഴിഞ്ഞാൽ പുതിയ കെട്ടിടം പണിയുമെന്നതാണ് രീതി. പക്ഷേ, രണ്ടിടത്തും കെട്ടിടങ്ങൾ പണിയാൻ ഫണ്ടില്ല. പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥലങ്ങൾ പുനർവിജ്ഞാപനം ചെയ്ത് കെട്ടിടനിർമാണത്തിന് നബാർഡിൽനിന്ന് വായ്പയെടുക്കാൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ, വായ്പ ലഭ്യമായി പുതിയ കെട്ടിടം പണിതീരുമ്പോഴേക്കും ഏറെ കാലമെടുക്കും. അത്രയുംകാലം കമ്പനികൾ കാത്തുനിൽക്കാൻ സാധ്യത കുറവാണ്. കോവിഡ് പ്രതിസന്ധി പല കമ്പനികളെയും ചെലവുചുരുക്കലിലേക്ക് നയിച്ചിട്ടുണ്ട്. മാത്രമല്ല പ്രത്യേക സാമ്പത്തിക മേഖലയിൽ പുതിയ സ്ഥാപനം തുടങ്ങുമ്പോഴുള്ള ചെലവും അതിന്റെ നടപടിക്രമങ്ങളും ചെറിയ കമ്പനികൾക്ക് പ്രയാസമുണ്ടാക്കും. ആദായനികുതി ഇളവായിരുന്നു പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രധാന ആകർഷണം. എന്നാൽ ഇപ്പോൾ അതെടുത്തുകളഞ്ഞു. ജി.എസ്.ടി. ഇളവും ഇറക്കുമതിനികുതി ഇളവും മാത്രമേയുള്ളൂ. മാത്രമല്ല ചെറിയ കമ്പനികൾ പലതും പ്രാദേശികമായി ബിസിനസ് കണ്ടെത്തുന്നവരുമാണ്. പ്രത്യേക സാമ്പത്തിക മേഖലയുടെ നിബന്ധനപ്രകാരം കയറ്റുമതിയല്ലാത്ത ബിസിനസ് ചെയ്താൽ പ്രത്യേക നികുതി കൊടുക്കേണ്ടിവരും. ഇതെല്ലാമാണ് മാറ്റത്തിനു പിന്നിൽ.

സാധാണ സൈബർ പാർക്കുകൾ വികസിപ്പിക്കാനാണ് കൂടുതൽ ശ്രദ്ധ കൊടുക്കാറുള്ളത്. എന്നാൽ കമ്പനികളുടെ ആവശ്യങ്ങൾപരിഗണിച്ച് ഐ.ടി. മേഖലയെ സജീവമായി നിലനിർത്തുക എന്ന തീരുമാനത്തിലേക്ക്‌ സർക്കാർ നീങ്ങുകയാണ്. പുറത്ത് സ്വകാര്യ പങ്കാളിത്തത്തോടെ കെട്ടിടം വികസിപ്പിച്ചാലും സൈബർ പാർക്കിന്റെ ബ്രാൻഡ് തന്നെയായിരിക്കും ഉപയോഗിക്കുക. കെട്ടിട ഉടമയെ മാർക്കറ്റിങ്ങിൽ ഉൾപ്പെടെ പങ്കാളിയാക്കണോ, വാടകയ്ക്ക് കെട്ടിടമെടുക്കണമോ എന്നുള്ള കാര്യത്തിൽ മൂന്നുമാസത്തിനകം തീരുമാനമുണ്ടാവുമെന്ന് സി.ഇ.ഒ. പറഞ്ഞു.ടെക്‌നോപാർക്കിനു കീഴിൽ അമ്പതിനായിരം ചതുരശ്ര അടിയിലും, കോഴിക്കോട് ഇരുപത്തയ്യായിരം ചതുരശ്ര അടിയിലുമുള്ള കെട്ടിടങ്ങളാണ് പരിഗണിക്കുന്നത്.

Post a Comment

0 Comments