ഇലന്തുകടവ്, മുക്കം വെന്റ് പൈപ്പ് പാലങ്ങൾ പൊളിക്കാൻ ഉത്തരവ്  • ഒരു മാസത്തിനകം പൊളിച്ചില്ലെങ്കിൽ നടപടി

കാരശ്ശേരി: മുക്കം കടവിലെ പഴയ വെന്റ് പൈപ്പ് പാലവും പുല്ലൂരാമ്പാറ എലന്തുകടവിലെ പഴയപാലവും അടിയന്തരമായി പൊളിച്ചുനീക്കാൻ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയർമാൻകൂടിയായ കളക്ടർ സാംബശിവറാവു ഉത്തരവിട്ടു.

എൽ.എസ്.ജി.ഡി. എക്സിക്യുട്ടീവ് എൻജിനിയർക്കാണ് പൊളിച്ചുനീക്കാനുള്ള ചുമതല. മുപ്പതുദിവസത്തിനകം ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണനിയമപ്രകാരമുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ പേരിൽ ഉണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടഞ്ചേരി-തിരുവമ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എലന്തുകടവിലും മുക്കം മുനിസിപ്പാലിറ്റിയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മുക്കംകടവിലും പുതിയ പാലങ്ങൾ നിർമിച്ചിട്ടുണ്ട്.
ഉപയോഗശൂന്യമായ പാലങ്ങൾ വെള്ളപ്പൊക്കത്തിനും കരയിടിച്ചിലിനുമിടയാക്കുന്നു. ഇത്‌ പരിസരത്തെ വീടുകളുൾപ്പെടെയുള്ളവയ്ക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതിനാലാണ് അടിയന്തരമായി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്‌.

ഇറിഗേഷൻ കോഴിക്കോട് ഡിവിഷൻ എക്സി. എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ നിയമം 2005-ലെ സെക്‌ഷൻ 30 (2) വി, 33 ( ബി ) പ്രകാരം കളക്ടർ ഉത്തരവുനൽകിയത്.

മുക്കം കടവിൽ ഇരുവഞ്ഞിപ്പുഴയും ചെറുപുഴയും സംഗമിക്കുന്ന ഭാഗത്ത് മൂന്ന് കരകളെ ബന്ധിപ്പിച്ചാണ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വെന്റ് പൈപ്പ് പാലം നിർമിച്ചത്. അതിശക്തമായ കുത്തൊഴുക്കുള്ള കടവിൽ മൂന്നുനാല് വർഷത്തിനുള്ളിൽത്തന്നെ പാലത്തിന്റെ കരകളുടെ കെട്ടുകൾ തകർന്ന് അപകടഭീഷണിയിലായി. മഴയായാൽ പാലം വെള്ളത്തിനടിയിലുമാകും. ഈ സാഹചര്യത്തിലാണ് 2015-ൽ പുതിയ കോൺക്രീറ്റ് പാലം പണിതത്. പുഴയിലൂടെ ഒഴുകിവരുന്ന ചണ്ടിക്കൂമ്പാരങ്ങളും മരങ്ങളുമൊക്കെ അടിഞ്ഞുകൂടി പുഴയ്ക്കുകുറുകെ ഒഴുക്ക് തടസ്സപ്പെടുത്തി മതിൽപോലെയായി.

കഴിഞ്ഞ രണ്ടുവർഷങ്ങളിലെയും വെള്ളപ്പൊക്കത്തിൽ കടവിനിരുവശങ്ങളിലും വലിയ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടങ്ങളുമാണുണ്ടായത്. വൻതോതിൽ തീരമിടിഞ്ഞ് വീടുകൾക്കും കെട്ടിടത്തിനും നാശം സംഭവിച്ചു. പുതിയ പാലത്തിനും ഭീഷണിയായി. എലന്തുകടവിലെ പഴയപാലം സഞ്ചാരയോഗ്യമല്ലാതായതോടെയാണ് പുതിയ പാലം പണിതത്. പഴയപാലത്തിന്റെ കാലുകൾ പുഴയുടെ വീതികുറയ്ക്കുന്ന അവസ്ഥയിലാണ്. കല്ലും മരങ്ങളും വന്നിടഞ്ഞ് ഒഴുക്കുതടസ്സപ്പെട്ട് വെള്ളപ്പൊക്കതീവ്രത വർധിപ്പിക്കുന്നു. പരിസരപ്രദേശത്ത് കരയിടിച്ചിലും വീടുകൾക്ക് ഭീഷണിയുമായി. പുഴ ഗതിമാറി ഒഴുകുന്ന സാഹചര്യവും ഉണ്ടാവുന്നു.

ഈ പഴയപാലങ്ങൾ അവിടെത്തന്നെ നിലനിന്നാൽ വരാൻ പോകുന്ന മഴക്കാലത്തും വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ജോർജ് എം. തോമസ് എം.എൽ.എ.യും കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദും ഫെബ്രുവരിയിൽനടന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലും വെന്റ് പൈപ്പ് പാലം പൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments