ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അതീവ ജാഗ്രത


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ കർശന ജാഗ്രത. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാക്കുന്നത്.



സമൂഹവ്യാപന ആശങ്കയിൽ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എആർ ക്യാമ്പിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റും എ.ആർ. ക്യാമ്പും അണുവിമുക്തമാക്കി. സെക്രട്ടറിയേറ്റിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. പാളയം മാർക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിട്ടു. നഗരത്തിലെ ആറ് വാർഡുകൾ ഏഴ് ദിവസം കൂടി കണ്ടെയിൻമെന്റ് സോണായി തുടരും. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകില്ല, ആൾക്കൂട്ടം, അനാവശ്യ യാത്രകൾ തുടങ്ങിയവ നിയന്ത്രിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഇതുവരെ 258 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളത്ത് സമൂഹവ്യാപനഭീതി നിലനിൽക്കുകയാണ്. 191 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചമ്പക്കര മാർക്കറ്റ് നാളെ അടയ്ക്കും. വിദേശത്ത് നിന്നെത്തിയ എല്ലാവരിലും ആന്റിജൻ ടെസ്റ്റ് നടത്തും. ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെല്ലാനം ഹാർബർ അടച്ചിട്ടുണ്ട്. ഇവിടെ പരിശോധന വർധിപ്പിക്കും. എറണാകുളം മാർക്കറ്റ് അടച്ചു.

നഗരസഭാ പരിധിയിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും എറണാകുളം മാർക്കറ്റ് അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സമൂഹ വ്യാപനം മുന്നിൽ കണ്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ അറിയിച്ചു. ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതു പരിപാടികളും സമര പരിപാടികളുമുൾപ്പെടെയുള്ളവ കോവിഡിന്റെ വ്യാപനം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളോട് ആവശ്യപ്പെട്ടു.



കോഴിക്കോട് ജില്ലയിൽ ഉറവിടമറിയാത്ത കോവിഡ് കേസുകളുടെ എണ്ണം മൂന്നായി. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. വെള്ളയിൽ ആത്മഹത്യ ചെയ്ത സെക്യൂരിറ്റി ജീവനക്കാരനും കല്ലായി സ്വദേശിയായ ഗർഭിണിക്കും കൊളത്തറ സ്വദേശിക്കും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല. കോഴിക്കോട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 40 കടകളുടെ ലൈസൻസ് റദ്ദാക്കും. കൊളത്തറ സ്വദേശിയുടെ പിതാവിന്റെ വ്യാപാര സ്ഥാപനമുള്ള വലിയങ്ങാടിയിൽ പരിശോധന ശക്തിപ്പെടുത്തി. കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 297 ആയി.

Post a Comment

0 Comments