കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍; ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്


കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ സാംബശിവ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത തൂണേരിയിൽ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേർക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേർക്കാണ് ജില്ലയിൽ രോഗബാധയുണ്ടായിട്ടുള്ളത്.



ഞായറാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകൾ പൂർണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളിൽ അവശ്യവസ്തുക്കളുടെ കടകളും(മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ഒഴികെ) മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറക്കാൻ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ പൊതുജനങ്ങൾ യാത്ര ചെയ്യാൻ പാടില്ല.

അന്തർ ജില്ലാ യാത്രികർ ആർ.ആർ.ടിയെ അറിയിക്കണം. മരണാനന്തര ചടങ്ങിൽ 20 പേരിലധികം പേരും വിവാഹവും അതിനോട് അനുബന്ധിച്ച ചടങ്ങുകളിൽ 50-ൽ കൂടുതലും ആളുകൾ പങ്കെടുക്കരുതെന്നും കളക്ടർ അറിയിച്ചു.

സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരിൽ നിന്നാണ് തൂണേരിയിൽ ഇത്രയേറെ പേർക്ക് കോവിഡ് പകർന്നത്.



വടകര നഗരസഭ, കോഴിക്കോട് കോർപ്പറേഷനിലെ അരീക്കാട്, മുഖദാർ, പന്നിയങ്കര വാർഡുകൾ, പേരാമ്പ്ര പഞ്ചായത്തിലെ മൂന്നുവാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ കണ്ടെയിൻമെന്റ് സോണുകളായിരുന്ന നാലുവാർഡുകൾക്കുപുറമേയാണ് മൂന്നെണ്ണംകൂടി ഈ പട്ടികയിൽ പെടുത്തിയത്.

Post a Comment

0 Comments