ബേപ്പൂർ: കോവിഡിനെത്തുടർന്ന് മാസങ്ങളായി പ്രവേശനം നിഷേധിച്ച കടൽത്തീര വിശ്രമ, വിനോദ സഞ്ചാരകേന്ദ്രമായ ബേപ്പൂർ പുലിമുട്ടിലേക്ക് വീണ്ടും വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിലെ ബീച്ചുകൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചതോടെയാണ് വിനോദസഞ്ചാരികൾ കടൽത്തീരത്തേക്ക് വരാൻ തുടങ്ങിയത്.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബേപ്പൂർ പുലിമുട്ട് കേന്ദ്രത്തിൽ കോവിഡ് പ്രോട്ടോകോൾ നിർബന്ധമാക്കിയാണ് പ്രവേശനാനുമതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ ബീച്ചുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും തുറക്കാൻ കഴിഞ്ഞമാസം സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും ജില്ലയിലെ ബേപ്പൂർ, കോഴിക്കോട്, കാപ്പാട് എന്നിവിടങ്ങളിൽ സഞ്ചാരികൾ കൂട്ടമായി എത്തിയതോടെ കോവിഡ് പ്രോട്ടോകോൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെവന്നു. ഇതേത്തുടർന്ന് അധികൃതർ ബീച്ചുകൾ വീണ്ടും അടച്ചിടുകയായിരുന്നു.
എന്നാൽ വ്യാഴാഴ്ച അധികൃതർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ എല്ലാ ബീച്ചുകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകുകയായിരുന്നു. കൂടുതലായി വിനോദ സഞ്ചാരികൾ എത്തുമ്പോൾ പുലിമുട്ടിൽ അനുവർത്തിക്കേണ്ട കോവിഡ് പ്രോട്ടോകോൾ എത്രമാത്രം ഫലപ്രദമാവുമെന്ന് ആശങ്ക ഇപ്പോഴുമുണ്ട്.
ഹൃദ്യമായ കാഴ്ചകളാണ് ബേപ്പൂരിലെ പുലിമുട്ട്, തുറമുഖം, കടൽപ്പരപ്പ്, കപ്പലുകൾ, പായക്കപ്പലുകൾ, ജങ്കാർ ജെട്ടി കടന്നുള്ള യാത്ര, മറുകരയായ ചാലിയത്തെ ബേപ്പൂർ ലൈറ്റ് ഹൗസ്, ചാലിയം പുലിമുട്ട്, ബേപ്പൂരിലെ ഉരുപ്പണിശാലകൾ തുടങ്ങിയവ സഞ്ചാരികൾക്കായി ഒരുക്കുന്നത്.
കടലിലൂടെ രണ്ടു കിലോമീറ്റർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിന് തുല്യമാണ് പുലിമുട്ടിലൂടെയുള്ള സവാരി. ചില സമയങ്ങളിലെങ്കിലും കടലിൽ ചാടിക്കളിക്കുന്ന ഡോൾഫിനുകളെയും കാണാം.
ബേപ്പൂർ ബീച്ചിലെ മറീന ജെട്ടിയിൽനിന്ന് കടലിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്ന ‘ക്ലിയോപാട്ര’ എന്ന അത്യാധുനിക ബോട്ട് ഇപ്പോൾ കൊച്ചിയിലാണെങ്കിലും, മറീന ജെട്ടിയിൽനിന്ന് വീണ്ടും കടൽയാത്രയ്ക്ക് സഞ്ചാരികൾക്ക് അവസരമൊരുക്കാൻ ബോട്ട് എത്തുമെന്ന് സൂചനയുണ്ട്. പുലിമുട്ടിന്റെ അറ്റംവരെ പോയിക്കഴിഞ്ഞാൽ കടലിന്റെ ശൗര്യം കാണാം. കാലവർഷ സമയത്താണെങ്കിൽ കടലിന്റെ സംഹാരതാണ്ഡവം സഞ്ചാരികളെ ഭയപ്പെടുത്തുകയും ചെയ്യും.
തുറമുഖത്തിന്റെ മറുകരയായ കരുവൻതുരുത്തി ദ്വീപ്, തൊട്ടരികിലെ പട്ടർമാട് ദ്വീപ്, ആൾപാർപ്പില്ലാത്ത ദ്വീപ് എന്നിവയൊക്കെ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. പട്ടർമാട് ദ്വീപിൽനിന്നും കക്കാടത്ത് നദീമുഖത്തെ ഉരുപണിശാലയിൽ നിന്നുമാണ് വിദേശത്തേക്ക് ഉല്ലാസ ഉരുക്കൾ നിർമിച്ച് കയറ്റിഅയക്കുന്നത്. പട്ടർമാട്‌നിന്ന് കയറ്റിഅയച്ച ഒഴുകുന്ന ഹോട്ടൽ ഇപ്പോൾ മൊറോക്കോവിലെ അത്യാധുനിക റെസ്റ്റോറന്റാണ് പുലിമുട്ട് റോഡിൽനിന്ന് സഞ്ചാരികൾക്ക് അഞ്ചുമിനിറ്റുകൊണ്ട് മറുകരയായ ചാലിയത്ത് ജങ്കാറിൽ വാഹനങ്ങളിലും അല്ലാതെയും എത്താം.അവിടെ എത്തിയാൽ ചാലിയം പുലിമുട്ട് പാതയിലും കടൽകണ്ട് യാത്രനടത്താം.
കോഴിക്കോട് നഗരത്തിൽ നിന്ന് ബേപ്പൂർക്ക് നേരിട്ട് വരുന്നവർക്ക് വട്ടക്കിണർ വഴി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ ബേപ്പൂർ ടൗണിലെത്താം. ദേശീയപാതയിലെ ചെറുവണ്ണൂർ ജങ്‌ഷനിൽ നിന്ന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചാലും ബേപ്പൂരിലെത്താം.
ചാലിയത്തെ ബേപ്പൂർ ലൈറ്റ് ഹൗസ് ടവറിൽ കയറിയാൽ ബേപ്പൂർ തുറമുഖത്തിന്റെയും പുലിമുട്ടിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും കഴിയും.
0 Comments