ജില്ലയിൽ 2 പേർക്കുൾപ്പെടെ ജനിതക വ്യതിയാനം വന്ന കോവിഡ് കേരളത്തില്‍ ആറുപേര്‍ക്ക് സ്ഥിരീകരിച്ചു


തിരുവനന്തപുരം: ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

കോഴിക്കോട്-2(ഒരു കുടുംബത്തിലെ അംഗങ്ങൾ), ആലപ്പുഴ-2(ഒരു കുടുംബത്തിലെ അംഗങ്ങൾ), കണ്ണൂർ-1, കോട്ടയം-1 എന്നിങ്ങനെയാണ് പുതിയ കോവിഡ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിച്ച പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക വ്യതിയാനമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവർ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ ആശുപത്രികളിലാണുള്ളതെന്നും ഇവരുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളവരെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. യു.കെയിൽനിന്ന് വന്നവരെയും മറ്റ് രാജ്യങ്ങളിൽനിന്ന് വന്നവരെയും പ്രത്യേകം നിരീക്ഷിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

പുതിയ സ്ട്രെയിനിന്റെ പ്രത്യേകതയായി പറയുന്നത്, ഇത് ശരീരത്തിൽ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന്റെ ഭാഗമായി ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്- മന്ത്രി പറഞ്ഞു. വളരെ കരുതലോടെ ഇരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദേശത്തുനിന്ന് വന്നവർ സ്വമേധയാ വെളിപ്പെടുത്താൻ തയ്യാറാവണമെന്നും ആരോഗ്യവകുപ്പ് സ്ക്രീനിങ്ങിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് വന്നിട്ടുള്ളവരുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ഭയപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാൽ വളരെ ശ്രദ്ധിക്കേണ്ട വിഷയമാണിതെന്നും മന്ത്രി പറഞ്ഞു. മാറ്റി നിർത്തി ഐസൊലേറ്റ് ചെയ്ത് ചികിത്സിച്ചാൽ വേറെ പ്രശ്നങ്ങളൊന്നുമില്ല. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നതാണ്. എന്നാൽ വളരെ പ്രായം കൂടുതലുള്ളവർക്കും മറ്റ് രോഗങ്ങൾ ഉള്ളവർക്കും വരുമ്പോഴാണ് എന്തെങ്കിലും ബുദ്ധിമുട്ട് വരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments