ട്രാഫിക് നിയമലംഘനങ്ങൾ കോഴിക്കോട് ജില്ല മുൻപന്തിയിൽ






കോഴിക്കോട്:കഴിഞ്ഞ മാസം നഗരത്തിലെ ക്യാമറകളുടെ കണ്ണിൽ ഉടക്കിയത് 2077 ട്രാഫിക് നിയമലംഘനങ്ങൾ. 71 ക്യാമറകൾ കണ്ണുതുറന്ന് കണ്ടതാണ് ഈ കുറ്റങ്ങൾ. ക്യാമറയുടെ കണ്ണിൽപ്പെടാതെ പോയ കുറ്റങ്ങളും പൊലീസ് പരിശോധനകളിൽ പിടിക്കപ്പെട്ട നിയമലംഘനങ്ങളും കൂടി കൂട്ടിയാൽ സംസ്ഥാനത്ത് ഏറ്റവും അധികം ഗതാഗത നിയമലംഘനം നടത്തുന്ന ജില്ലകളിൽ കോഴിക്കോട് മുൻപന്തിയിൽ നിൽക്കുന്നു. നഗരത്തിലെ വാഹനാപകടങ്ങളിൽ ഏറിയ പങ്കും അശ്രദ്ധമായ ഡ്രൈവിങ് കാരണമാണെന്ന് ട്രാഫിക് പൊലീസ് പറയുന്നു.

അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം സ്വകാര്യ ബസുകളുടെ മൽസര ഓട്ടവും അപകടങ്ങൾ വർധിപ്പിക്കുന്നു. ഇതെല്ലാം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിനാവട്ടെ ആവശ്യമായ ആൾബലവും ഇല്ല. 21 വർഷം മുൻപുള്ള അംഗബലവും സജ്ജീകരണങ്ങളുമായിട്ടാണ് പൊലീസ് സേന നിരത്തിലേക്കിറങ്ങുന്നത്. 1996ലെ ഘടനയോടുകൂടി പ്രവർത്തിക്കുന്ന സേന കേസന്വേഷണവും ഗതാഗതനിയന്ത്രണവും നിയമപാലനവുമെല്ലാം ഒരുമിച്ചുകൊണ്ടുപോകാൻ കഷ്ടപ്പെടുകയാണ്.

സിഗ്നലുകൾ പ്രവർത്തിക്കുന്ന ജംക്‌ഷനുകളിൽ പോലും പൊലീസുകാരെയോ ഹോം ഗാർഡുകളെയോ നിയമിക്കേണ്ട അവസ്ഥയാണുള്ളത്. ട്രാഫിക് പൊലീസ് സേനയുടെ നവീകരണം നടപ്പാകാത്തതിനാൽ അനധികൃത പാർക്കിങ്, വൺവേ തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ഫലപ്രദമായി തടയാനാകുന്നില്ല.

നഗരത്തിൽ ഇപ്പോഴുള്ള ട്രാഫിക് സ്റ്റേഷനുപകരം രണ്ടു സ്റ്റേഷനുകൾ വേണമെന്ന ശുപാർശ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് പലതവണ പോയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. നിലവിൽ സിറ്റി ട്രാഫിക് കൈകാര്യം ചെയ്യുന്നത് വർഷം 4000 കേസുകളാണ്. ആകെയുള്ള 275 പൊലീസുകാരിൽ ഏകദേശം 40 പേർ കേസന്വേഷണത്തിനായി നിയോഗിക്കപ്പട്ടിരിക്കും.

കോടതി, കംപ്യൂട്ടർ, ദൈനംദിന നടപടികൾ എന്നീ ചുമതലകളുള്ളവരെയൊഴിച്ചാൽ ഏകദേശം 150 പേർ മാത്രമാണ് ഫീൽഡ് ഡ്യൂട്ടിയിലുള്ളത്. മുപ്പതോളം ഹോംഗാർഡുകളുമുണ്ട്. ഇങ്ങനെ ശ്വാസം മുട്ടുന്നതിനിടെ അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങുമായി വാഹനം നിരത്തിലിറക്കിയാൽ അതു മരണം ക്ഷണിച്ചു വരുത്തലായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേസുകൾ;

  • ഹെൽമറ്റ് ധരിക്കാത്തവർ – 1113 
  • സൈഡ് മിറർ ഇല്ലാത്തവർ – 34 
  • സീബ്രാ വര, ട്രാഫിക് സിഗ്നൽ ലംഘനം – 511 
  • സീറ്റ് ബെൽറ്റ് ധരിക്കാത്തവർ – 208
  • ഫുട്പാത്തിലെ വാഹന പാർക്കിങ് – 122
  • യൂണിഫോം ധരിക്കാത്ത ഡ്രൈവർമാർ – 10
  • ഫാൻസി നമ്പർ പ്ലേറ്റ് ഉപയോഗം – 55 
  • മൂന്നു പേരുമായി ഇരുചക്രവാഹനം ഓടിക്കൽ – 8
  • മറ്റു നിയമലംഘനങ്ങൾ – 16


Road accedent