കോഴിക്കോടിനെ സ്മാർട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തണം; കോർപറേഷൻ കൗൺസിൽ
കോഴിക്കോട് ∙ കൊച്ചിക്കും തിരുവനന്തപുരത്തിനുമൊപ്പം കോഴിക്കോടിനെയും സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അവസാന റൗണ്ടിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. 100 നഗരങ്ങൾക്കായുള്ള പദ്ധതിയിൽ 90 നഗരങ്ങളെ ഇതിനകം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാക്കിയുള്ള പത്തെണ്ണത്തിൽ കോഴിക്കോടിനെ ഉൾപ്പെടുത്താൻ എംപിമാരടക്കം മുഴുവൻ ജന പ്രതിനിധികളെയും ഉൾപ്പെടുത്തി സമ്മർദം ചെലുത്തണമെന്നു കൗൺസിലർമാർ ആവശ്യപ്പെട്ടു. കോഴിക്കോടിനു സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം നിർമിക്കുന്ന കാര്യത്തിൽ അടിയന്തര നടപടിയെടുക്കുന്നത് അടുത്ത പാർട്ടി ലീഡർമാരുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മേയർ കൗൺസിലിൽ അറിയിച്ചു. തോമസ് മാത്യുവാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്.

പാളയം ജയന്തി ബിൽഡിങ്ങിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതിനു ജയന്തി ബിൽഡിങ്ങിലെ കടയുടമകൾ പണം വാങ്ങുന്നുവെന്ന ആക്ഷേപം നികുതി അപ്പീൽ കമ്മറ്റി പരിശോധിക്കും. പി. ബിജുലാലാണ് ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. നഗരത്തിൽ വിവിധ ഹോമിയോ ആശുപത്രികൾക്കു മരുന്നു നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ ഉടമസ്ഥതയിലുള്ള ഹോംകോയിൽ നിന്ന് മുൻകൂറായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കാൻ കൗൺസിൽ തീരുമാനിച്ചു.

2015 – 16 വർഷം 15 ലക്ഷം നൽകിയിട്ടും 78,070 രൂപയുടെ മരുന്ന് മാത്രമാണ് ഹോംകോ നൽകിയത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ ഹൈമാസ്റ്റ് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനു റിലയൻസ് ഇൻഫോകോമിന് അനുമതി നൽകി. യുഡിഎഫിൽ നിന്നുള്ള 14 പേരുടെ വിയോജിപ്പോടെയാണ് അനുമതി. ബിജെപിയും തീരുമാനത്തെ അനുകൂലിച്ചു. പാചകവാതക വില വർധന കേന്ദ്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എം. പത്മാവതി അവതരിപ്പിച്ച പ്രമേയം ബിജെപി അംഗങ്ങളുടെ എതിർപ്പോടെ അംഗീകരിച്ചു.

ഹോട്ടൽ ഭക്ഷണത്തിന് ജിഎസ്ടി ഒഴിവാക്കണമെന്ന പൊറ്റങ്ങാടി കിഷൻ ചന്ദിന്റെ പ്രമേയവും ഐകകണ്ഠ്യേന അംഗീകരിച്ചു. വിവിധ റോഡുകൾക്ക് സി.കെ.മൊയ്തീൻ കോയ, ഐ.ജി.ഭാസ്കരപ്പണിക്കർ, ടി.കെ.ശ്രീനിവാസൻ എന്നിവരുടെ പേരുകൾ നൽകാനും തീരുമാനമായി.

central goverment Smartcity Project