വയനാട് ചുരം വികസനം: റോഡ് വിപുലീരണത്തിന് മുൻഗണന നൽകുമെന്നു കലക്ടർകലക്ടർ യു.വി.ജോസ് ചുരം സന്ദർശിച്ചപ്പോൾ
കോഴിക്കോട്:വയനാട് ചുരത്തിൽ അനുദിനം രൂക്ഷമായികൊണ്ടിരിക്കുന്ന ഗതാഗത പ്രശ്നത്തിനു പരിഹാരം കാണുന്നതിനുള്ള നടപടിയുടെ ഭാഗമായി കലക്ടർ യു.വി.ജോസ്  ചുരം സന്ദർശിച്ചു. ചുരം റോഡ് വികസനവമായി ബന്ധപ്പെട്ട്
13ന് കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുതല  ഉദ്യോഗസ്ഥരുമായി കോഴിക്കോട് നടക്കുന്ന യോഗത്തിന്റെ ഭാഗമായാണ് കലക്ടർ ,വനം, റവന്യൂ, ദേശീയപാതാ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ചുരം സന്ദർശിച്ചത്.

ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ആദ്യ ഘട്ടത്തിൽ റോഡ് വിപുലീകരണത്തിനാണ് മുൻഗണന നൽകുകയെന്ന് കലക്ടർ അറിയിച്ചു. വളവുകൾ വീതി കൂട്ടി ഇന്റർലോക്ക് ടൈൽസ് പാകും. റോഡിനു വീതി ആവശ്യമായ മറ്റു സ്ഥലങ്ങളിൽ വേണ്ട വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചു.

റോഡ് വീതി കൂട്ടുന്നതിന് ഒന്നാം വളവിലും മറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലം സൗജന്യമായി ലഭ്യമാക്കുമെന്ന് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ കലക്ടർക്ക് ഉറപ്പ് നൽകി.മുടിപിൻ വളവുകൾക്കുള്ളിലേക്ക് കയറി നിൽക്കുന്ന പ്രതലം മാറ്റി വളവുകൾക്ക് വീതി കൂട്ടുന്നതിനുള്ള നിർദേശവും ചർച്ചയിൽ ഉയർന്നു വന്നു.

ഒന്നാം ഘട്ടത്തിൽ  ചുരം റോഡ് വീതി കൂട്ടി നവീകരിക്കുന്നതോടൊപ്പം  ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബദൽ റോഡ് നിർമാണത്തിനുള്ള നടപടികളും തുടങ്ങുമെന്നും കലക്ടർ വ്യക്തമാക്കി. മൂന്നും അഞ്ചും വളവുകളുടെ വീതി കൂട്ടുന്നതിനായി ദേശീയ പാത അധികൃതർ വനം വകുപ്പിനു നഷ്ടപരിഹാര തുക അടച്ചിട്ടും സ്ഥലം വിട്ടുകിട്ടാത്ത പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.

ദുരന്ത നിവാരണ സെൽ ഡപ്യൂട്ടി കലക്ടർ പി.പി.കൃഷ്ണൻകുട്ടി, ഡപ്യൂട്ടി കലക്ടർ എൻ.കെ. ഏബ്രഹാം, ഡിഎഫ്ഒ സുനിൽകുമാർ, താമരശ്ശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്, താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കൃഷ്ണദാസ്, ദേശീയപാത അസി. എക്സിക്യുട്ടീവ് എൻജിനീയർ ജമാൽ, അസി. എൻജിനീയർ ലക്ഷ്മണൻ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നന്ദകുമാർ, സ്ഥിരം സമിതി ചെയർമാൻ മുജീബ്  മാക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഒതയോത്ത് അഷ്റഫ്, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ വി.കെ.മൊയ്തു മുട്ടായി, പി.കെ.സുകുമാരൻ, വി.കെ. താജുദ്ദീൻ തുടങ്ങിയവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.