നഗരപാതാ വികസനം:ആദ്യ ഘട്ടത്തിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം നാളെ


നഗരപാതാ വികസനം:ആദ്യ ഘട്ടത്തിൽ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം നാളെ


കോഴിക്കോട്∙ നാട്ടുകാരുടെ സഹകരണമുണ്ടെങ്കിൽ പുതിയ ആറു റോഡുകളും 15 വർഷത്തേക്ക് പുതിയതുപോലെ നിലനിൽക്കുമെന്ന് റോഡ് ഫണ്ട് ബോർഡിന്റെയും യുഎൽസിസിഎസിന്റെയും ഉറപ്പ്. കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തിരിക്കുന്നതിനാൽ ശക്തമായ മഴയത്തും തകരില്ല. റോഡ് ഫണ്ട് ബോർഡ് നടപ്പാക്കിയ നഗരപാതാ വികസന പദ്ധതിയിൽപ്പെട്ട ആറു റോഡുകൾ 15 വർഷത്തേക്കു പരിപാലിക്കണമെന്നതും കരാറുകാരായ യുഎൽസിസിഎസിന്റെ (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റി) ചുമതലയാണ്.

അതിനാൽ റോഡിലെ എല്ലാ അനധികൃത പ്രവർത്തനങ്ങളും നിയമപരമായിത്തന്നെ തടയാനാകും. റോഡുകളിൽ അനധികൃതമായി ബാനറുകളും മറ്റും സ്ഥാപിക്കുന്നതും മാലിന്യം തള്ളുന്നതും ജനകീയ കമ്മിറ്റികളുടെ സഹകരണത്തോടെ പൂർണമായും തടയണമെന്നതാണു കഴിഞ്ഞദിവസം ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം. പുതിയ റോഡുകളെക്കുറിച്ച് മികച്ച അഭിപ്രായമാണു പൊതുജനങ്ങളിൽനിന്നു ലഭിച്ചതെന്ന് റോഡ് ഫണ്ട് ബോർഡ് അധികൃതർ പറയുന്നു. ഇതോടൊപ്പം നിർമാണസയമത്ത് കാര്യമായ ഗതാഗതതടസ്സം ഏർപ്പെടുത്താത്തതും ജനങ്ങൾക്ക് വലിയ ആശ്വാസമായി. 24 മാസം അനുവദിച്ച പദ്ധതി 20 മാസംകൊണ്ടാണു യുഎൽസിസിഎസ് പൂർത്തീകരിച്ചത്. നാളെ ഉച്ചയ്ക്ക് 12ന് ചേവരമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡുകളുടെ ഉദ്ഘാടനം നടത്തുന്നത്.

സുരക്ഷിതവും, മനോഹരവുമായ റോഡുകൾ

  • റോഡുകളായുമായി ബന്ധപ്പെട്ട് മൊത്തം 15ട്രാഫിക് സിഗ്നലുകൾ.



  • ജംക്‌ഷനുകളിൽ റോഡ് നിർമിച്ചിരിക്കുന്നത് സ്റ്റോൺ മാട്രിക്സ് അസ്ഫാൾട് ( എസ്എംഎ) ഉപയോഗിച്ച്. കൂടുതൽ ഈടുനിൽക്കാനും സുരക്ഷ വർധിപ്പിക്കാനും സഹായിക്കും.



  • രാത്രിയാത്രയിൽ കാഴ്ച സുഗമമാക്കാൻ റോഡുകളിൽ റിഫ്ലക്ടറോടു കൂടിയ സ്റ്റഡുകൾ. ജംക്‌ഷനുകളോടു ചേർന്നും മീഡിയനിലും അരികുകളിലും തിളങ്ങുന്ന സ്റ്റഡുകൾ റോഡുകളുടെ ഭംഗിയും വർധിപ്പിക്കുന്നു.



  • കാരപ്പറമ്പ് – കല്ലുത്താൻ കടവ് റോഡിൽ ആന്റിഗ്ലെയർ സ്ക്രീനുകൾ



  • പുതിയറോഡുകളിലേക്കു കയറുന്ന ഭാഗത്ത് പോക്കറ്റ് റോഡുകളിൽ റംപിൾ സ്ട്രിപ്പുകൾ



  • അവശതയനുഭവിക്കുന്നവർക്ക് റോഡ് മുറിച്ചുകടക്കാൻ എളുപ്പത്തിനായി ആവശ്യമായ ഭാഗങ്ങളിൽ ടേബിൾ ടോപ് പെഡസ്ട്രിയൻ ക്രോസിങ്. നടപ്പാതയുടെ അതേഉയരത്തിൽ നിർമിച്ചിരിക്കുന്ന ക്രോസിങ്ങിലൂടെ ചക്രക്കസേരകൾക്കും എളുപ്പത്തിൽ നീങ്ങാനാകും.



  • ലഭ്യമായ സ്ഥലങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുന്നു



  • എല്ലാറോഡുകളിലും ഒരേ പോലുള്ള കൈവരി, നടപ്പാതകളിൽ ഒരേപോലുള്ള പൂട്ടുകട്ട, തെരുവുവിളക്കുകൾ, ബസ്ഷെൽറ്ററുകൾ



  • കൃത്യമായ സൈൻ ബോർഡുകൾ കോഴിക്കോട് നഗരം രാജ്യത്തിനു മാതൃകയാകും: രമേശൻ പാലേരി നഗരപാതാ വികസനപദ്ധതിയുടെ രണ്ടാംഘട്ടവും കോഴിക്കോട് ബൈപാസിന്റെ ആറുവരി വികസനവും നടപ്പാകുന്നതോടെ ഗതാഗതത്തിൽ രാജ്യത്തിനുതന്നെ മാതൃകയായ നഗരമായി കോഴിക്കോട് മാറുമെന്ന് യുഎൽസിസിഎസ് പ്രസിഡന്റ് രമേശൻ പാലേരി. രണ്ടാംഘട്ടത്തിൽ 11 റോഡുകളാണുള്ളത്. പദ്ധതിയുടെ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണു പ്രതീക്ഷ.


കോഴിക്കോട് ബൈപാസിന്റെ വികസനത്തിനുള്ള ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റുറോഡുകളുടെ അറ്റകുറ്റപ്പണികളും കൃത്യമായി പൂർത്തിയാക്കിയാൽ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ നഗരമായി മാറുമെന്നതിൽ സംശയമില്ല. നഗരപാതാ വികസന പദ്ധതിയിൽ നിർമിക്കുന്ന റോഡുകൾ മികച്ചരീതിയിൽ പരിപാലിക്കുമെന്നും രമേശൻ അറിയിച്ചു. ആറുറോഡുകളുടെയും പണി റെക്കോർഡ് വേഗത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞത് മനസ്സുവച്ചാൽ എന്തും സാധിക്കുമെന്നതിനു തെളിവാണെന്നും പറഞ്ഞു.

വെള്ളക്കെട്ട് ഒഴിവായത് നേട്ടം: റോഡ് ഫണ്ട് ബോർഡ് നഗരത്തിൽ പലസ്ഥലങ്ങളിലുമുണ്ടായിരുന്ന വെള്ളക്കെട്ട് പുതിയ റോഡുകൾ വന്നതോടെ ഒഴിവായതായി റോഡ് ഫണ്ട് ബോർഡ് അധികൃതർ. റോഡുകളിലെ മികച്ച ഓവുചാൽ സംവിധാനം വന്നതോടെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമായിട്ടുണ്ട്. കോവൂർ – വെള്ളിമാടുകുന്ന് , പനാത്തുതാഴം– സിഡബ്ല്യുആർഡിഎം റോഡുകളിലെ ഓവുചാലുകൾ ഇത്തരത്തിൽ പ്രയോജനപ്പെട്ടിട്ടുണ്ട്. റോഡ് ഫണ്ട് ബോർഡിന്റെ സാമൂഹിക പ്രതിബദ്ധത കൂടി വെളിവാക്കുന്ന നടപടിയാണിതെന്ന് പ്രോജക്ട് മാനേജർ എ.പി. പ്രമോദ് പറഞ്ഞു