കോഴിക്കോട്:സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിതത്തിന്റെ ഓട്ടോ ഓടിച്ചു ജീവിച്ചിരുന്ന നൗഷാദ് മരണത്തിന്റെ ആൾനൂഴിയിലേക്ക് ആണ്ടിറങ്ങിയിട്ട് രണ്ട് വർഷം പിന്നിട്ടു. കണ്ടംകുളം ക്രോസ് റോഡിൽ ആൾനൂഴി വൃത്തിയാക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ശ്വാസം കിട്ടാതെ മരണത്തിലേക്ക് ആണ്ടിറങ്ങുന്നതു കണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണു നൗഷാദ് (33) മരിച്ചത്.
നൗഷാദിന്റെ സുഹൃത്തുക്കളായ ഓട്ടോഡ്രൈവർമാർ സിഐടിയു ഓട്ടോ സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നന്മയുടെ പ്രതീകങ്ങളായ മറ്റു ഓട്ടോ ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു.
പത്ത് ലക്ഷം രൂപ വില മതിക്കുന്ന വജ്രാഭരണങ്ങൾ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവച്ചപ്പോൾ യാത്രക്കാർക്ക് തിരിച്ചു നൽകിയ എം. സ്വാമിയും, അതുപോലെ മറന്നുവച്ച പണവും ബാഗും ലഭിച്ചു തിരിച്ചു നൽകിയ മജീദ് പുല്ലാളൂർ, ഷാജി നടക്കാവ്, അനീഷ് കണ്ണാടിക്കൽ, സുജിൽ കുമാർ എന്നിവരെയാണ് ആദരിച്ചത്.
ഓട്ടോ ടാക്സി ലൈറ്റ്മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ. മമ്മു അധ്യക്ഷത വഹിച്ചു. പി.കെ. യാസർ അറാഫത്ത്, മുഹമ്മദ് പേരാമ്പ്ര, സി.പി. സുലൈമാൻ, എ. സോമശേഖരൻ, വി.ബി. ജെയ്സൺ എന്നിവർ പ്രസംഗിച്ചു. നൗഷാദിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
.