കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കു സര്‍വീസിന് അനുമതിക്കായി ഒരുക്കുന്ന റിസ നിര്‍മാണത്തിനുള്ള ഡിജിസിഎയുടെ അനുമതി



കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കു സര്‍വീസിന് അനുമതിക്കായി ഒരുക്കുന്ന റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)നിര്‍മാണത്തിനുള്ള ഡിജിസിഎയുടെ അനുമതിയായി. ഡിജിസിഎ ഡല്‍ഹി കേന്ദ്ര കാര്യാലയത്തില്‍ നിന്നുള്ള അനുമതിപത്രം വെള്ളിയാഴ്ച കരിപ്പൂരില്‍ ലഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു.

രണ്ടുമാസം മുമ്പാണ് റിസ പ്രവൃത്തികളുടെ രൂപരേഖ ഡിജിസിഎയ്ക്ക് സമര്‍പ്പിച്ചത്. റണ്‍വേയില്‍ ലൈറ്റിംഗ് ക്രമീകരണങ്ങള്‍ മാറ്റി റിസ ഏരിയ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് അഥോറിറ്റി തയാറാക്കിയത്. ജനുവരിയോടെ നിര്‍മാണം ആരംഭിക്കാനാണ് അഥോറിറ്റിയുടെ തീരുമാനം. അനുമതി പത്രം ലഭിച്ച ശേഷം നിര്‍മാണത്തിനുള്ള രൂപരേഖ വീണ്ടും സമര്‍പ്പിക്കും. നിര്‍മാണം ഏറ്റെടുക്കുന്ന കമ്പനിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച കത്ത് എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിനും ഡിജിസിഎക്കും കൈമാറും. നിലവില്‍ 90 മീറ്റര്‍ വീതിയുള്ള റിസയുടെ വിസ്തൃതി 240 മീറ്ററാക്കാനാണ് തീരുമാനം. റിസ പുനര്‍നിര്‍മാണം കഴിയുന്നതോടെ റണ്‍വേയുടെ ദൈര്‍ഘ്യം 2700 മീറ്ററാകും. റണ്‍വേയില്‍ ലൈറ്റിംഗ് സംവിധാനത്തിലും മാറ്റം വരുത്തും.

ആറു മാസം കൊണ്ടു പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതോടെ ബോയിംഗ് 777-200 വിമാനങ്ങള്‍ക്ക് സര്‍വീസ് ആരംഭിക്കാന്‍ അനുമതിയാകും. ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കാനും ഇതോടെ സാധ്യമാകും. കരിപ്പൂരില്‍ 2015 മേയ് മുതലാണ് വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തലാക്കിയത്.