നാട്ടുകാരിറങ്ങി അകലാപ്പുഴയില്‍നിന്ന് പുറത്തെടുത്തത് ചാക്കുകണക്കിന് മാലിന്യം നീക്കം ചെയ്തു

നാട്ടുകാരിറങ്ങി അകലാപ്പുഴയില്‍നിന്ന് പുറത്തെടുത്തത് ചാക്കുകണക്കിന് മാലിന്യം നീക്കം ചെയ്തു



കോഴിക്കോട്: അകലാപ്പുഴയില്‍ നിറഞ്ഞ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ നാട്ടുകാരുടെ ഇടപെടല്‍. കക്കോടി പഞ്ചായത്ത് പരിധിയില്‍ പുഴയില്‍ നിറഞ്ഞ മാലിന്യങ്ങള്‍ ജനകീയ കൂട്ടായ്മകളുടെ നേതൃതത്തിൽ നീക്കിത്തുടങ്ങി. ചെറുകുളം മുക്കം കടവ് ഭാഗത്ത് പുഴയില്‍നിന്ന് ഞായറാഴ്ച മാത്രം 60 ചാക്കുകളിലേറെയായി ഒരു ലോഡ് നിറയെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ടയര്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇവയിലേറെയും. മാലിന്യം വേങ്ങേരി നിറവ് പ്രവര്‍ത്തകര്‍ക്ക്‌ ൈകമാറി. വെസ്റ്റ് ബദിരൂര്‍ ഇ.എം.എസ്. ചാരിറ്റബിള്‍ സെസൈറ്റി, ചെറുകുളത്തെ മുക്കം കടവ് റെസിഡന്റ്‌സ് അസോസിയേഷന്‍, വിവിധ സ്വയംസഹായസംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നാട്ടുകാര്‍ രൂപവത്കരിച്ച അകലാപ്പുഴ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാലിന്യം നീക്കല്‍. സമിതി ആരംഭിച്ച അകലാപ്പുഴ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായാണ് പരിപാടി. കക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രന്‍ മാലിന്യം നീക്കല്‍ ഉദ്ഘാടനംചെയ്തു. അകലാപ്പുഴ സംരക്ഷണസമിതിയുടെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വാര്‍ഡംഗം പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. നിറവ് വേങ്ങേരി കോ-ഓര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത്, പൂനൂര്‍ പുഴ സംരക്ഷണസമിതി സെക്രട്ടറി ബാലരാമന്‍ എന്നിവര്‍ സംസാരിച്ചു. സമിതി സെക്രട്ടറി സുജീഷ് വയപ്പുറത്ത് സ്വാഗതവും പ്രസിഡന്റ് എ.പി. ഷാജികുമാര്‍ നന്ദിയും പറഞ്ഞു.