കോഴിക്കോട്:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിന് നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ) ക്ക് അനുമതിനല്‍കി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം എം.കെ. രാഘവന്‍ എം.പി.യെ അറിയിച്ചതാണിത്. എന്‍.എച്ച്.എ.ഐ.യുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ടാണിത്. മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റര്‍ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപ. കിലോമീറ്ററിന് മതിപ്പുവില നോക്കുമ്പോള്‍ ഏറ്റവും ചെലവേറിയ ദേശീയപാതകളില്‍ ഒന്നായി ഇത് മാറും. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ഏഴ് മേല്‍പ്പാലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്-പാലാഴി, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്. ദേശീയപാത അടിയിലൂടെ കടന്നുപോകുന്ന വിധത്തില്‍ മലാപ്പറമ്പ്, വേങ്ങേരി എന്നിവിടങ്ങളില്‍ രണ്ട് മുകള്‍പാതകളും അംഗീകരിച്ചിട്ടുണ്ട്. ക്രോസ് റോഡുകള്‍ കടന്നുപോകാനായി അമ്പലപ്പടി, മൊകവൂര്‍, കൂടത്തുമ്പാറ, വയല്‍ക്കര എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും ഉണ്ട്. കൊടല്‍നടക്കാവ് മേല്‍നടപ്പാതയും ഇതിന്റെ ഭാഗമായ് വരും. ഇത്രയും നിര്‍മാണങ്ങള്‍കൂടി ഉള്‍പ്പെടെയാണ് വലിയ ചെലവ് കണക്കാക്കുന്നത്. ദേശീയപാത വികസനപദ്ധതിയുടെ മൂന്നാംഘട്ടമെന്ന നിലയില്‍ ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നിര്‍വഹണത്തിനുള്ള ടെക്‌നിക്കല്‍ ബിഡ് തുറക്കുന്നത് ഈ മാസം 21-നാണ്. പദ്ധതി 30 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.കെ. രാഘവന്‍ അറിയിച്ചു. എന്‍.എച്ച്.എ.ഐ. കോഴിക്കോട് പ്രോജക്ട് ഡയറക്ട് ഓഫീസിനാണ് ആറുവരി പാതയുടെ മേല്‍നോട്ട ചുമതല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, എന്‍.എച്ച്. പ്രോജക്ട് ഡയറക്ടറേറ്റ് ഓഫീസ് ജീവനക്കാര്‍, കേരള റീജണല്‍ ഓഫീസര്‍ ലെഫ്. കേണല്‍ ആഷിഷ് ദ്വിവേദി, ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) പുരുഷോത്തം കുമാര്‍, എന്‍.എച്ച്.എ.ഐ. ടെക്‌നിക്കല്‍ മെമ്പര്‍ ഡി.ഒ. തവാഡെ എന്നിവരുടെ ഇടപെടല്‍ പദ്ധതി അനുവദിച്ചുകിട്ടുന്നതിന് സഹായകരമായിട്ടുണ്ടെന്ന് എം.പി. വ്യക്തമാക്കി.