ഗോകുലം എഫ്സിയുടെ രണ്ടാം ഹോംമാച്ച് ഇന്ന്
കോഴിക്കോട്:ജയമെന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്സിയും ആദ്യപോയിന്റിൽ കണ്ണുവച്ച് നെറോക എഫ്സിയും ഇന്നു കളത്തിലിറങ്ങും. ഐലീഗിൽ ഗോകുലത്തിന്റെ രണ്ടാം ഹോംമാച്ചാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതൽ. കാണികൾക്കു പ്രവേശനം സൗജന്യം. ഉച്ചവെയിലിന്റെ ചൂടിന് കോഴിക്കോടിന്റെ ആവേശം കുറയ്ക്കാനാകില്ല എന്നുവിശ്വസിച്ചാണ് ഗോകുലം താരങ്ങൾ ഇറങ്ങുന്നത്.

ഇന്ന് കൂടുതൽ കേരളതാരങ്ങൾ കളിക്കുമെന്നാണ് കോച്ച് ബിനോ ജോർജ് പറഞ്ഞത്. വിദേശതാരങ്ങളുടെ പരുക്ക് ടീമിനുഭീഷണിയാണെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ ടീം മികച്ച പ്രകടനം നടത്തുമെന്നാണു വിശ്വാസമെന്നും പറഞ്ഞു. സിറിയൻ താരമായ മിഡ്ഫീൽഡർ ഖാലിദ് അൽസലേഹിന്റെ പ്രകടനമായിരിക്കും ആരാധകർ കാത്തിരിക്കുന്നത്. അതേസമയം, കരുത്തരായ മിനർവയോട് പൊരുതിത്തോറ്റ നെറോകയുടെ താരങ്ങളും ജയിക്കണമെന്ന വാശിയിലാണ്.

കോഴിക്കോട്ടുവച്ച് അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയാണ് കോച്ച് ഗിഫ്റ്റ് റയ്ഖനും പങ്കുവച്ചത്. രണ്ട് ദേശീയ താരങ്ങളടങ്ങിയ ടീമാണ് നെറോക. അഞ്ചുവിദേശതാരങ്ങളും കളിക്കും. ഐലീഗിൽ ആദ്യമാണെങ്കിലും മണിപ്പൂരിലെ സെക്കൻഡ് ഡിവിഷൻ ലീഗ് ചാംപ്യൻമാരായ നെറോകയ്ക്ക് 52 വർഷത്തെ ചരിത്രമുണ്ട്. കേരളത്തിൽ കളിച്ചുപരിചയമുള്ള താരങ്ങളും ടീമിലുണ്ട്.