ലൈറ്റ് മെട്രോ കടന്നുപോവുന്നയിടങ്ങളില്‍ നികുതി കൂട്ടിയേക്കും

  • നികുതി കൂട്ടുന്നത് കേന്ദ്ര മെട്രോനയത്തിന്റെ ഭാഗമായി ഡി.എം.ആര്‍.സി. സമര്‍പ്പിച്ച വിശദ പദ്ധതിറിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് നല്‍കും. ഡി.പി.ആറിന് ഒന്നിലധികം വകുപ്പുകളുടെ അനുമതിവേണം


കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ കടന്നുപോവുന്ന അഞ്ഞൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ നികുതി കൂട്ടിയേക്കും. ഭൂനികുതി 50 ശതമാനവും ഭൂമി രജിസ്‌ട്രേഷന്‍ നിരക്ക് രണ്ട് ശതമാനവും കൂട്ടാനാണ് ഡി.എം.ആര്‍.സി. വിശദ പദ്ധതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലൈറ്റ് മെട്രോയുടെ ഗുണഭോക്താക്കളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ. ലൈറ്റ് മെട്രോകടന്നുപോവുന്ന വഴികളിലുള്ളവര്‍ക്ക് ഭൂമി വിലയും വാടകയും കൂടുമ്പോള്‍ അതിന്റെ നേരിയ ഗുണം പദ്ധതിക്കും ലഭിക്കുക എന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ഉദ്ദേശ്യം. കൂടുന്ന നികുതിവരുമാനത്തില്‍നിന്നുള്ള വിഹിതം ലൈറ്റ് മെട്രോയുടെ നടത്തിപ്പുകാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കണമെങ്കില്‍ നടത്തിപ്പിനുള്ള വരുമാനവും കണ്ടെത്തണമെന്ന് കേന്ദ്രമെട്രോനയത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശമുള്‍പ്പെടുത്തിയത്. ഇതോടൊപ്പംതന്നെ ലൈറ്റ് മെട്രോയുടെ നിര്‍മാണത്തിന്റെ വിസ്തൃതി കൂട്ടാനും ശുപാര്‍ശയുണ്ട്. ഈ ശുപാര്‍ശകളടങ്ങിയ ഡി.പി.ആര്‍(വിശദ പദ്ധതി റിപ്പോര്‍ട്ട്)അടുത്തയാഴ്ച പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറും. രജിസ്‌ട്രേഷന്‍, ധനകാര്യം, തദ്ദേശ സ്വയംഭരണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ അനുമതി കിട്ടിയ ശേഷമായിരിക്കും മന്ത്രിസഭ പരിഗണിക്കുക. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി പദ്ധതിച്ചെലവില്‍ 750 കോടിയിലധികം രൂപ അധികം വരുന്നുണ്ട്. അതേസമയം മെട്രോ അനുബന്ധ ജോലികള്‍ക്കായി മാനാഞ്ചിറ-മീഞ്ചന്തറോഡ് ഡി.എം.ആര്‍.സിക്ക് കൈമാറിയെങ്കിലും ഇതുവരെ പ്രവൃത്തി തുടങ്ങാനുള്ള കരാര്‍ ഒപ്പിട്ടിട്ടില്ല.