കോഴിക്കോട് പുതിയാപ്പയില്‍ കുട്ടികളുമായെത്തിയ ബസ് അപകടത്തില്‍ പെട്ടു




കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയില്‍ സ്കൂള്‍ കുട്ടികളുമായി വന്ന ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്.കണ്ണൂരില്‍ നിന്ന് വന്ന വിനോദയാത്രാസംഘത്തിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. പുതിയാപ്പയ്ക്കടുത്ത് വച്ച്‌ നിയന്ത്രണം വിട്ട ബസ് വഴിയരികിലെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു അപകടം. പയ്യന്നൂരിലെ ഷോണായീസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ രണ്ട് ബസ്സുകളിലായിട്ടാണ് കോഴിക്കോട് ബീച്ച്‌ കാണാനെത്തിയത്. ഇതില്‍ അഞ്ചാം ക്ലാസിലേയും എട്ടാം ക്ലാസിലേയും കുട്ടികള്‍ സഞ്ചരിച്ചിരുന്ന ഗ്രീന്‍ബേര്‍ഡ് എന്ന ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.

ബസ്സിലുണ്ടായിരുന്നത് 42 കുട്ടികളാണ്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും നിസ്സാര പരിക്കുണ്ട്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില അല്‍പം ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ബസ് ഇടിച്ചു കയറിയ വീട്ടിനുള്ളിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് അടക്കം പരിക്കുണ്ട്. ഇവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നിസ്സാര പരിക്കുള്ളവരെ ബീച്ച്‌ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.