സൈബര്‍ പാര്‍ക്കിലേക്ക് ഒരു കമ്പനികൂടി


കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ സഹ്യ ഐ.ടി. കെട്ടിടത്തിലേക്ക് ഒരു പുതിയ കമ്പനികൂടി എത്തി. കോഴിക്കോടുള്ള ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ് (ഐ.ഒ.എസ്.) എന്ന കമ്പനിയാണ് സൈബര്‍ പാര്‍ക്കുമായി ധാരണാപത്രം ഒപ്പുവെച്ചത്. കോഴിക്കോട് എന്‍.ഐ.ടി.യില്‍ 2009 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഐ.ഒ.എസ്. ഇ-കൊമേഴ്‌സ്, കാബ് സോഫ്‌റ്റ്വെയര്‍, മൊബൈല്‍ ആപ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. നിലവില്‍ 100 പേര്‍ ഐ.ഒ.എസില്‍ ജോലിചെയ്യുന്നുണ്ട്. ജനുവരി അവസാനത്തോടെ കമ്പനി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. സൈബര്‍ പാര്‍ക്ക് സി.ഇ.ഒ. ഋഷികേശ് നായരും ഐ.ഒ.എസ്. ഡയറക്ടര്‍ അബ്ദുള്‍ ഗഫൂറും ധാരണാപത്രം ഒപ്പുവെച്ചു. മറ്റു ഡയറക്ടര്‍മാരായ അമീന്‍ ഇസ്ലാഹി, എം. പവന്‍, കെ.എസ്. അശോക്, പി. അബ്ദുള്‍ മജീദ്, സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) സി. നിരീഷ് എന്നിര്‍ പങ്കെടുത്തു. ആറു കമ്പനികളാണ് സൈബര്‍ പാര്‍ക്കിലുള്ളത്. സഹ്യയിലെ ഒന്നാം നില 19 യൂണിറ്റുകളുള്ള സ്മാര്‍ട്ട് ബിസിനസ് സെന്ററായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി അവസാനത്തോടെ ഈ രീതിയിലേക്കുമാറും. 11 കമ്പനികള്‍കൂടി മാര്‍ച്ച് അവസാനത്തോടെ സൈബര്‍ പാര്‍ക്കിലേക്കെത്തും. യു.എസ്. ആസ്ഥാനമായുള്ള ഒരു കമ്പനിയും സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. 30 വര്‍ഷത്തേക്കുവരെ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍പറ്റുന്ന രീതിയില്‍ കമ്പനികളുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.