കോഴിക്കോട്: പാളം നവീകരണത്തിന്റെ പേരില്‍ തീവണ്ടിയാത്രികരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് -കൊയിലാണ്ടി പാതയില്‍ പണി നടന്നാലും ഇല്ലെങ്കിലും ചില തീവണ്ടികള്‍ വൈകിയേ ഓടൂ എന്ന അവസ്ഥയാണ് യാത്രികരെ ദുരിധത്തിലാക്കുന്നത്. മംഗലാപുരത്തുനിന്ന് കോയമ്പത്തൂരേക്കുള്ള ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തിങ്കളാഴ്ച രണ്ടര മണിക്കൂറോളം വൈകിയാണ് കോഴിക്കോട്ടെത്തിയത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ്സാകട്ടെ ഒരുമണിക്കൂറും വൈകി. തിരുവനന്തപുരം ഡിവിഷനിലെ ജോലികളാണ് പരശുറാമിനെ വൈകിക്കുന്നത്. വണ്ടികള്‍ സമയത്തെത്താത്തതിനാല്‍ യാത്രികര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു. പണി തുടങ്ങിയതുമുതല്‍ കോയമ്പത്തൂര്‍ -മംഗലാപുരം പാസഞ്ചര്‍ ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. കോഴിക്കോട് -കൊയിലാണ്ടി പാതയില്‍ തിങ്കളാഴ്ച ജോലി നടക്കാതിരുന്നിട്ടും ഇന്റര്‍സിറ്റി വൈകിയതില്‍ ചില യാത്രികര്‍ കുപിതരായി. പണി നടക്കുന്നതിനാല്‍ തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നതാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. മംഗലാപുരത്തുനിന്ന് ഒരുമണിക്കൂര്‍ വൈകിയാണ് ഈ വണ്ടി പുറപ്പെട്ടത്. പണി നടക്കുന്നതുകാരണമുള്ള ക്രമീകരണങ്ങള്‍ ഈ മാസം 30 വരെ തുടരുമെന്നും അധികൃതര്‍ പറഞ്ഞു. കോയമ്പത്തൂരേക്കുള്ള ഇന്റര്‍സിറ്റി വൈകിയതിനാല്‍ ചെന്നൈയിലേക്കുള്ള മെയിലും വൈകി. മറ്റു വണ്ടികളെല്ലാം പത്തോ പതിനഞ്ചോ മിനിറ്റുമാത്രമേ വൈകിയിട്ടുള്ളൂ എന്നാണ് റെയില്‍വേയുടെ വിശദീകരണം.