കാലിക്കറ്റ് ഹാഫ് മാരത്തൺ:കെനിയൻ താരങ്ങൾക്ക് വിജയം



കോഴിക്കോട്:ഐഐഎം കാലിക്കറ്റ് ഹാഫ് മാരത്തണിൽ കെനിയൻ താരങ്ങൾക്ക് വിജയം. 21 കിലോമീറ്റർ മാരത്തൺ പുരുഷ വിഭാഗത്തിൽ കെനിയയുടെ ഗിദയോൻ കിപ്കുറയ്കിപ്സാങ്ങും വനിത വിഭാഗത്തിൽ എൽസ ബെക്കേലുമാണ് വിജയികൾ. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ഗോവിന്ദ് സിങ്ങും എ. ഗോകുലും രണ്ടും മൂന്നും സ്ഥാനം നേടി. വനിത വിഭാഗത്തിൽ ഇന്ത്യയുടെ എം.ഡി. താരയും കെനിയയുടെ സെനാഷ് ബെക്കേലുമാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. 10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ രഞ്ജിത്ത് സിങ് ഒന്നാമതെത്തി. കെനിയൻ താരങ്ങളായ മിക്കിയാസ് യെമാട്ട രണ്ടാമതും അമാനുവേൽ അബ്ദു അലിയു മൂന്നാമതും ഫിനിഷ് ചെയ്തു. വനിത വിഭാഗം 10 കിലോമീറ്ററിൽ ഇന്ത്യയുടെ വി. നീതുവാണ് ജേതാവ്. രണ്ടാം സ്ഥാനം കെനിയയുടെ എൽസ ബെക്കേൽ ലഗീസിയും മൂന്നാം സ്ഥാനം ഇന്ത്യയുടെ പ്രിയ ഗംഗാധരനും നേടി.  

നാലായിരത്തോളം പേർ പങ്കെടുത്ത ഹാൾ മാരണത്തിൽ ശാരീരിക വെല്ലുവിളി നേരിടുന്ന കായിക താരങ്ങളും അണിചേർന്നു. കേരളത്തിന്റെ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണനും ഇന്ത്യൻ പാരാ ബാഡ്മിന്റൻ താരം നീരജ് ജോർജ് ബേബിയും മാരണത്തിൽ പങ്കെടുത്തു.

കലക്ടർ യു.വി. ജോസ്, അസിസ്റ്റന്റ് കലക്ടർ സ്നേഹിൽകുമാർ സിങ്, ഡോ. ഓംപ്രകാശ് കൃഷ്ണൻ, നടി സുജ കാർത്തിക, തൗഫീക് അഹമ്മദ് മൊയ്തു, ഷാഹുൽ ഹമീദ്, ഡോ. ഷാന്റി സാജൻ, എ.പി. സത്യൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. 21 കിലോമീറ്റർ ഹാഫ് മാരത്തൺ തൗഫീക് അഹമ്മദ് മൊയ്തു, ഡോ. ഓംപ്രകാശ് കൃഷ്ണൻ എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. 10 കിലോമീറ്റർ ഓട്ടം ഐഐഎം ഡയറക്ടർ പ്രഫ. കുൽഭൂഷൺ ബലൂണിയും എം.കെ. മുനീർ എംഎൽഎയും ചേർന്നും മൂന്നു കീലോമീറ്റർ ഡ്രീം റൺ പി.വി. മുഹമ്മദ് സാലിഹ്, നടി സുജ കാർത്തിക എന്നിവരും ഫ്ലാഗ് ഓഫ് ചെയ്തു.