കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അഞ്ച് ദിവസമായി നടത്തി വന്ന ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നും മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സമരത്തില്‍ നിന്ന് പിന്മാറുന്നതെന്ന് ബസുടമകള്‍ വ്യക്തമാക്കി.
ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരത്തെ നേരിടാന്‍ ബസ് പിടിച്ചിടുക്കുന്നത് അടക്കമുള്ള നടപടികള്‍ ആലോചിക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഗതാഗത കമീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബസുടമകള്‍ സമരം പിന്‍വലിക്കാന്‍ കാരണം.
നിലവിലെ സമരം പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണെന്നും കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റുകള്‍ തിരികെവാങ്ങി ഒാടാന്‍ താല്പര്യമുള്ള മറ്റ് സ്വകാര്യ ഒാപറേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ കെ. പത്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ തലസ്ഥാന ജില്ലയിലെ ഒരുവിഭാഗം ബസുടമകള്‍ തിങ്കളാഴ്ച സമരം പിന്‍വലിച്ചിരുന്നു.