പൊളിക്കും മുൻപ് പൊളിഞ്ഞുവീഴുമോ കെടിഡിസി കെട്ടിടം

മിഠായിത്തെരുവിലെ കെടിഡിസി കെട്ടിടം

കോഴിക്കോട്: മിഠായിത്തെരുവിന്റെ മനോഹാരിതയിലെ കണ്ണിലെ കരടായി കോർപറേഷന്റെ സ്വന്തം കെട്ടിടം. നഗരത്തിലെത്തുന്നവർക്ക് ചുരുങ്ങിയ ചെലവിൽ താമസിക്കാനായി കോർപറേഷൻ നിർമിച്ച കെട്ടിടം പിന്നീട് കെടിഡിസിക്കു കൈമാറുകയായിരുന്നു.

മലബാർ മാൻഷൻ എന്ന പേരിൽ ലോഡ്ജിങ്, റസ്റ്ററന്റ്, ബീയർ പാർലർ തുടങ്ങിയവ ഇവിടെ നടത്തി.  അഞ്ചു വർഷം മുൻപ് ലോഡ്ജിങ് നിർത്തി. കരാർ കാലാവധി കഴിഞ്ഞെന്നും കെട്ടിടം പൊളിച്ചുമാറ്റാൻ പോവുകയാണെന്നും കാണിച്ച് 2016 മേയ് 28ന് ബീയർപാർലറും റസ്റ്ററന്റും അടച്ചു പൂട്ടി. 

വർഷങ്ങളായി ഇവിടെ ജോലി ചെയ്ത തൊഴിലാളികൾ‌ക്ക് ഇതോടെ ജോലി നഷ്ടമായിരുന്നു. നാലുനില കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളലുകൾ വീണിട്ടുണ്ട്. പുറമേ നിന്നു നോക്കിയാൽപോലും അപകടാവസ്ഥ മനസ്സിലാകും.  ആറു മാസത്തിനകം പുതിയ കെട്ടിട നിർമാണം ആരംഭിക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്.

എന്നാൽ ഒന്നര വർഷമായിട്ടും നടപടികൾ പൂർത്തിയായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പിൻഭാഗം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. രാത്രിയിൽ പലപ്പോഴും ഇവിടം സാമൂഹികവിരുദ്ധരുടെ താവളമാകുന്നതായും ആക്ഷേപമുണ്ട്. പലരും മതിൽ ചാടിവരെ കോംപൗണ്ടിനകത്തു കടക്കുന്നതായാണ്  ആരോപണം. 


നഗരത്തിലെത്തുന്ന വാഹനങ്ങൾ നിർത്തുന്നതിനു സ്ഥല സൗകര്യമില്ലാത്തത് പ്രധാന പ്രശ്നമാണ്. ഇതിനു പരിഹാരമെന്ന നിലയ്ക്കാണ് കോർപറേഷന്റെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് അവിടെ പാർക്കിങ് പ്ലാസ നിർമിക്കാൻ പദ്ധതിയിട്ടത്. മിഠായിത്തെരുവിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുകയും ചെയ്തതോടെ ഇവിടത്തെ പാർക്കിങ് സൗകര്യത്തിനു പ്രസക്തിയേറുകയാണ്. 

പാർ‌ക്കിങ് പ്ലാസയുടെ നിർമാണത്തിനു കൗൺസിൽ അംഗീകാരം നൽകിയതായി സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു. ഭൂഗർഭ നിലയിൽ നിലവിലെ കച്ചവടക്കാർക്ക് സൗകര്യമേർപ്പെടുത്തും. അതിനു മുകളിൽ‌ ഓപ്പൺ സ്റ്റേജും അനുബന്ധസൗകര്യങ്ങളും. അതിനോടു ചേർന്നും മുകളിലുമായാണ് പാർക്കിങ് സൗകര്യം വരികയെന്നും അദ്ദേഹം പറഞ്ഞു. 


"നിലവിലെ കച്ചവടക്കാരെ സമീപ സ്ഥലത്തേക്കു താൽക്കാലികമായി മാറ്റുന്നതിനു കെട്ടിടം നിർമിക്കും. ഇതിന് എസ്റ്റിമേറ്റ് തയാറാക്കുന്നുണ്ട്. കച്ചവടക്കാരെ അവിടേക്കു മാറ്റിയ ശേഷം കെട്ടിടം പൊളിക്കും. നടപടികൾ വേഗത്തിലാക്കുന്നുണ്ട്."

തോട്ടത്തിൽ രവീന്ദ്രൻ–മേയർ