ദേശീയ വോളി: ദീപശിഖാ പ്രയാണം നാളെ വടകരയിൽ നിന്നു തുടങ്ങും



കോഴിക്കോട്:ദേശീയ സീനിയർ വോളി ചാംപ്യൻഷിപ്പിന്റെ ദീപശിഖാ പ്രയാണം 17ന് വടകരയിൽനിന്ന് ആരംഭിക്കുമ്പോൾ ആ നാടിന്റെ വോളിബോൾ ചരിത്രം കൂടിയാണ് കാലം ഓർമിക്കുന്നത്. മദ്രാസിൽ നിന്നെത്തിയ ഒരു പന്താണ് വടകരയുടെ മണ്ണിന് വോളിബോൾ ലഹരി ആദ്യമായി സമ്മാനിച്ചതെന്ന് ഇവിടത്തുകാർ പറയുന്നു. 1938ൽ മദ്രാസിൽ കോളജ് പഠനം കഴിഞ്ഞെത്തിയ മാധവൻ നമ്പ്യാരായിരുന്നു കളിയുടെ തുടക്കക്കാരൻ. അധികം വൈകിയില്ല, കളരികളിലെ അഭ്യാസികളുടെ ഇഷ്ടവിനോദമായി വോളിബോൾ നാട്ടിൽ നിറ​ഞ്ഞു.

ബിഇഎം ഹൈസ്കൂളിലെ കായികാധ്യാപകനായിരുന്ന സഞ്ജീവന്റെ നേതൃത്വത്തിൽ മലബാർ ജിംഖാന ക്ലബും സ്ഥാപിച്ചതോടെ  മലബാറിലെതന്നെ മികച്ച കളിയും കളിക്കാരുമായി വടകരയിലേത്. 1950കളിലായിരുന്നു ജിംഖാനയുടെ പ്രതാപകാലം. കെ. അബ്ദുറഹിമാൻ, ഭാസ്കരക്കുറുപ്പ്, കളത്തിൽ മുകുന്ദൻ, പാലോറ നാണു, പോത്രഞ്ചേരി ഗോപാലൻ നമ്പ്യാർ എന്നിങ്ങനെ കളിക്കളത്തെ ത്രസിപ്പിച്ച താരങ്ങളുടെ അരങ്ങായിരുന്നു ക്ലബ്. വടകരയിൽ കളിയോടൊപ്പം കളിക്കാരും കാഴ്ചക്കാരും വളർന്നു.

മലബാറിലെ വോളി ചരിത്രത്തിൽ മറക്കാനാകാത്ത എ.സി.കെ. നമ്പ്യാർ അഖിലേന്ത്യാ ടൂർണമെന്റ്  1962ൽ തുടങ്ങി. റെയിൽവേ മൈതാനിയിലായിരുന്നു ആദ്യ ടൂർണമെന്റ്. പിന്നീട് കോട്ടമൈതാനിയിലും നടന്നു. വടകരക്കാരുടെ വോളിബോൾ ആസ്വാദനം ദേശീയ നിലവാരത്തിലേക്കുയർത്തി പഞ്ചാബ് പൊലീസും സർവീസസും ആർ‌ട്‌ലററി സെന്റർ സെക്കന്ദ്രബാദും ബിഎസ്എഫുമെല്ലാം  കളംനിറഞ്ഞു കളിച്ചു. ബിഎസ്എഫിന്റെ ബൽവന്ദ് സിങ്ങും നൃപ്ജിത് സിങ്  എന്ന നിപ്പിയും സ്റ്റേറ്റ് ബാങ്കിന്റെ രമണ റാവുവും ഇഎംഇയുടെ കുട്ടികൃഷ്ണനും ആർട്‌ലററി സെന്ററിന്റെ ശ്യാം സുന്ദർ റാവുവുമെല്ലാം വടകരക്കാരുടെ ഇഷ്ടതാരങ്ങളുമായി.

ടൂർണമെന്റിന് അക്കാലത്ത് 15,000– 20,000 രൂപ ലാഭം കിട്ടിയിരുന്നുവെന്നാണ് സംഘാടകരുടെ ഓർമ. 1976ൽ എസികെ ടൂർണമെന്റിനൊപ്പം കിനാത്തി നാരായണൻ സ്മാരക അഖിലേന്ത്യാ ടൂർണമെന്റിനും വടകര സാക്ഷ്യം വഹിച്ചു. നാടിനെ ഇളക്കിമറിച്ച താരങ്ങളിൽ ജിമ്മി ജോർജ്, ആന്ധ്രക്കാരൻ അബ്‌ദുൽ ബാസിദ്, തമിഴ്‌നാട്ടുകാരായ മാടസ്വാമി, പഴനി സ്വാമി, ടി.ടി. ജോസഫ് തുടങ്ങിയവരുമുണ്ട്. മൂന്നു തവണ ഫെഡറേഷൻ കപ്പും നടന്നു.  മൂൺലൈറ്റ് റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ  വനിതകളുടെ വോളിബോളിനും  വടകരയിൽ പ്രോൽസാഹനം ലഭിച്ചിരുന്നു.

1986ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ വോളി ടീമിന്റെ മുഖ്യപരിശീലകനായ എ. അച്യുതക്കുറുപ്പും സഹപരിശീലകനായ വി. സേതുമാധവനുമടക്കം ഒട്ടേറെ പരിശീലകരും വടകരയിൽ പിറന്നിട്ടുണ്ട്. ആദ്യകാല താരങ്ങളിൽ പലരും പിന്നീട് പരിശീലകരാകുകയായിരുന്നു. ഇതിനകം വടകരക്കാരായ മൂന്നു വനിതാ താരങ്ങളാണ് ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നത്. പൂർണിമ മുരളീധരൻ, എം. ശ്രുതി, ആതിര ശ്രീധരൻ  എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി കളിച്ചവർ.  ഇന്ത്യൻ താരമായ പ്രേംജിത്ത് ഇരിങ്ങൽ സ്വദേശിയാണ്.  കോർട്ടുകൾ ഇല്ലാതായതാണ് വടകരയുടെ വോളിബോൾ പ്രതാപത്തിനു മങ്ങലേൽക്കാൻ പ്രധാന കാരണമെന്ന് സംഘാടകനായ രാഘവൻ മാണിക്കോത്ത് അഭിപ്രായപ്പെടുന്നു.

ഇപ്പോഴത്തെ പഴയ ബസ് സ്റ്റാൻഡിന്റെ സ്ഥലത്ത് നേരത്തേ മൂന്നു വോളിബോൾ കോർട്ടുകളാണുണ്ടായിരുന്നത്. കോട്ടമൈതാനിയിലെ ഗ്രൗണ്ടുമില്ലാതായി.  ദേശീയ സീനിയർ ചാംപ്യൻഷിപ് കോഴിക്കോടിന്റെ വോളിബോൾ ആവേശത്തിനു പുതുജീവൻ നൽകും. വടകരയിൽനിന്ന് ഒട്ടേറെപ്പേർ കളി കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്നും രാഘവൻ പറഞ്ഞു. എ. അച്യുതക്കുറുപ്പിന്റെ വെള്ളിക്കുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ നിന്നാണ് ഇക്കുറി ദേശീയ സീനിയർ വോളിയുടെ ദിപശിഖാ യാത്ര ആരംഭിക്കുന്നത്.