എന്ന് തുടങ്ങും രാമനാട്ടുകര വികസനം



കോഴിക്കോട്:നഗര കവാടമായ രാമനാട്ടുകരയെ ഹൈടെക് പട്ടണമാക്കാൻ ആവിഷ്കരിച്ച സൗന്ദര്യവൽക്കരണ പദ്ധതിക്കായി നീളുന്ന കാത്തിരിപ്പ്. സർവേ നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതിനാൽ പദ്ധതി വഴിമുട്ടിയിരിക്കുകയാണ്. രണ്ടു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പ്രവൃത്തി നാളിതുവരെ തുടങ്ങാനായില്ല. 

   റവന്യൂ അധികൃതർ സർവേ നടത്തിയെങ്കിലും ദേശീയപാത അതിർത്തിയിൽ കല്ലുനാട്ടുന്ന പ്രവൃത്തി പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധി. അതിർത്തി നിർണയിച്ചാൽ മാത്രമേ നഗരസഭയ്ക്കു എസ്റ്റിമേറ്റ് തയാറാക്കാനാകൂ. എസ്റ്റിമേറ്റിനു സാങ്കേതിക അനുമതി ലഭിച്ചു ടെൻഡർ ചെയ്തു വേണം പ്രവൃത്തി തുടങ്ങാൻ. ഇതിനു ഇനിയുമേറേക്കാലം കാത്തിരിക്കേണ്ടി വരും.

    നേരത്തെ സിഡിഎ തയാറാക്കിയ ഒൻപതു കോടി രൂപയുടെ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ആദ്യഘട്ടമായി 6.62 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. സിഡിഎ പിരിച്ചുവിട്ടതിനാൽ നഗരസഭയ്ക്കാണ് നടത്തിപ്പ് ചുമതല. എന്നാൽ നടപടികൾ അനന്തമായി നീളുന്നതിനാൽ പദ്ധതി തുടങ്ങാനാകാതെ വലയുകയാണ് നഗരസഭ അധികൃതർ.

  രാമനാട്ടുകര ദേശീയപാതയിലെ ചെത്തുപാലംതോട് മുതൽ തോട്ടുങ്ങൽ വരെയും എയർപോർട്ട് റോഡിൽ എസ്ബിഐ വരെയുമാണ് ആദ്യഘട്ട സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

  അങ്ങാടിയിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തുന്നതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുസ്ഥലങ്ങൾ പ്രയോജനപ്പെടുത്തി വിശാലമായ പാർക്കിങ് സൗകര്യം, പുതിയ നടപ്പാത, നിലവിലുള്ള ഫുട്പാത്ത് നവീകരണം, ആവശ്യമായ ഇടങ്ങളിൽ ഓട എന്നിവയെല്ലാം സൗന്ദര്യവൽക്കരണ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. 

   പൊതുപരിപാടികൾ നടത്തുന്നതിനു ഓപൺ എയർ സ്റ്റേജ്, വഴിയിലുടനീളം ലോ–മാസ്റ്റ് വിളക്കുകൾ, ചെറിയതരം കിയോസ്കുകൾ, പരിസ്ഥിതി സൗഹൃദ ശൗചാലയം, കഫ്റ്റീരിയ എന്നിവ ഒരുക്കുന്നതാണ് പദ്ധതി. ഇതോടെപ്പം ഓവർഹെഡായുള്ള വൈദ്യുതി, ടെലിഫോൺ, കേബിൾ ടിവി, ഇന്റർനെറ്റ് വിതരണ ശൃംഖലകൾ പൂർണമായും ഭൂമിക്കടിയിലൂടെയാക്കലും പരിഗണനയിലുണ്ട്. 

   "നഗര സൗന്ദര്യവൽക്കരണ പദ്ധതിക്കു കൺസൽറ്റൻസിയെ നിയമിക്കാൻ കൗൺസിൽ തീരുമാനിച്ചു കഴിഞ്ഞു. ദേശീയപാത അതിർത്തി നിർണയ സർവേ നടപടി പൂർത്തീകരിക്കുകയും ചെയ്തു. ദേശീയപാത, കെഎസ്ഇബി, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചർച്ച ചെയ്താകും പദ്ധതി നടപ്പാക്കുക. സൗന്ദര്യവൽക്കരണ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ–ഓപറേറ്റീവ് സൊസൈറ്റിയെ ഏൽപിക്കാനാണ് ആലോചിക്കുന്നത്"

-വാഴയിൽ ബാലകൃഷ്ണൻ,നഗരസഭ അധ്യക്ഷൻ