സൗത്ത് ബീച്ച് അണിഞ്ഞൊരുങ്ങി; ഉദ്ഘാടനം അടുത്ത മാസം



കോഴിക്കോട്: ഏറെ നാളത്തെ കാത്തിരുപ്പുകൾക്കൊടുവിൽ സൗത്ത് ബീച്ച് സൗന്ദര്യവത്കരണം പൂര്‍ത്തിയാവുന്നു.ഉദ്ഘാടനം അടുത്ത മാസം രണ്ടാം വാരം. 3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം. ഹാര്‍ബര്‍ എന്‍ജീനിയറിങ്ങിനാണ് നിര്‍മാണച്ചുമതല. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍, കാര്‍പാര്‍ക്കിങ് സൗകര്യം, മഴയും വെയിലും ഏല്‍ക്കാതെയിരിക്കാന്‍ ഷെല്‍ട്ടര്‍, ഇരിപ്പിടങ്ങള്‍, മിനി ഹൈമാസ്റ്റ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, ടോയ്‌ലെറ്റുകള്‍ എന്നിവയാണ് ഒരുക്കുന്നത്. ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് നിര്‍മാണം. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മന്ത്രിയായിരുന്ന സമയത്താണ് സൗന്ദര്യവത്കരണത്തിനായി ഫണ്ട് അനുവദിച്ചത്. നടപ്പാതകളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പതിക്കാനുള്ള പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഈന്തപ്പനകളും ചെറുതണല്‍ മരങ്ങളും വളര്‍ത്തി സൗത്ത് ബീച്ചിന്റെ ഭംഗി വര്‍ധിപ്പിക്കും. മുഖ്യമന്ത്രി, ടൂറിസം മന്ത്രി എന്നിവരുടെ സമയം ലഭ്യമായാല്‍ ഉദ്ഘാടനതീയതി തീരുമാനിക്കും. രണ്ടു ഘട്ടങ്ങളായാണ് ബീച്ചിന്റെ സൗന്ദര്യവത്കരണം. ആദ്യഘട്ടത്തില്‍ രക്തസാക്ഷിമണ്ഡപം മുതല്‍ തെക്കെപാലം വരെയാണ് നവീകരിക്കുന്നത്. മുഹമ്മദലി കടപ്പുറം വരെയുള്ള പ്രദേശം രണ്ടാം ഘട്ടത്തില്‍ സൗന്ദര്യവത്കരിക്കും. ഇതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചാപ്പയില്‍ ഭാഗത്തുനിന്ന് ഇരുപതോളം കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടി വരും. കാര്‍പാര്‍ക്കിങ്ങിനുവേണ്ടി ലോറിസ്റ്റാന്‍ഡ് നില്‍ക്കുന്ന സ്ഥലമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ലോറിസ്റ്റാന്‍ഡ് ഇവിടെനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറ്റുന്നത് കോര്‍പ്പറേഷന്റെ പരിഗണനയിലാണ്. ആംഫി തിയേറ്റര്‍ സ്ഥാപിക്കാന്‍ ആലോചനയുണ്ടെങ്കിലും മണ്ഡലം ടൂറിസം മോണിറ്ററിങ് കമ്മിറ്റിയുമായി ആലോചിച്ചതിനുശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു. സൗന്ദര്യവത്കരണത്തിന്റെ 90 ശതമാനം പൂര്‍ത്തിയായതായി ഡി.ടി.പി.സി. സെക്രട്ടറി ബിനോയി പറഞ്ഞു. നവീകരിച്ച ഭാഗങ്ങള്‍ സംരക്ഷിക്കാന്‍ സുരക്ഷാജീവനക്കാരെ വയ്ക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


Back To Blog Home Page