കലക്ടർ മാത്രമായിരുന്നില്ല, കരുതലായിരുന്നു ‘കോഴിക്കോടിന്റെ സ്വന്തം ജോസേട്ടൻ’


കോഴിക്കോട്:നാട് കാത്തിരിക്കുന്ന പദ്ധതികൾ പാതിവഴിയിലെത്തിയപ്പോൾ കലക്ടർ യു.വി. ജോസിന് അപ്രതീക്ഷിത സ്ഥലം മാറ്റം. നടപ്പാക്കാനാകില്ലെന്നു പലരും വിധിയെഴുതിയ പദ്ധതികൾക്കാണ് കലക്ടറുടെ ഇടപെടലിൽ പുതുജീവൻ വച്ചത്. കാലങ്ങളായി നാട്ടുകാരുടെ ആവശ്യമായിരുന്ന കല്ലായിപ്പുഴ കയ്യേറ്റത്തിനെതിരെ ഫലപ്രദമായ നടപടികൾ തുടങ്ങിവയ്ക്കാനായി.
പുഴ സർവേ നടത്തി ജണ്ടയിടൽവരെ എത്തിയപ്പോഴാണ് കോഴിക്കോട് വിടുന്നത്. ഇതോടൊപ്പം കനോലി കനാലിനെയും കല്ലായിപ്പുഴയെയും കോരപ്പുഴയെയും ബീച്ചിനെയും ബന്ധപ്പെടുത്തിയുള്ള വൻ പദ്ധതിയുടെ മാസ്റ്റർപ്ലാനും തയാറാക്കിയിട്ടുണ്ട്.ജില്ലയിൽ മാലിന്യ സംസ്കരണത്തിനായി നടപ്പാക്കുന്ന സീറോ വേസ്റ്റ് കോഴിക്കോടെന്ന വൻ പദ്ധതിയും 80% പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഹോട്ടലുകളുടെ സഹായത്തോടെ യാത്രക്കാർക്ക് ശുചിമുറിസൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായാണു പുതിയ നിയമനം. കോഴിക്കോട്ടെ ചുമതല 15ന് അവസാനിക്കും.

കഠിനാധ്വാനത്തിന്റെ 20 മാസങ്ങൾ

2017 ഫെബ്രുവരിയിൽ ചുമതലയേറ്റതു മുതൽ കഠിനാധ്വാനത്തിന്റെ മാസങ്ങളായിരുന്നു കലക്ടർ ജോസിന്റേത്. ഫെബ്രുവരിയിൽ മിഠായിത്തെരുവിലുണ്ടായ തീപിടിത്തം ടൂറിസം വിദഗ്ധനായ കലക്ടറെ നയിച്ചത് തെരുവിന്റെ നവീകരണത്തിലേക്കായിരുന്നു. കോഴിക്കോടിന്റെ പൈതൃകത്തിനു പുതുമ സമ്മാനിച്ച പദ്ധതിയോടെ നഗരം കലക്ടറിൽ വിശ്വാസമർപ്പിക്കുകയായിരുന്നു.
ചട്ടപ്രകാരമുള്ള നൂലാമാലകളുടെ താമസം ഒഴിവാക്കി പരമാവധി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ഓരോ പദ്ധതിയിലും കണ്ടത്. ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ്, ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് വിതരണത്തിനായി നടപ്പാക്കിയ ‘കയ്യെത്തുംദൂരത്ത്’ പദ്ധതി ജില്ലയിൽ പുതിയ ചരിത്രം കുറിച്ചു. സീറോ ബജറ്റിൽ, വളരെ കുറച്ചുസമയംകൊണ്ടു പരിഗണിച്ചത് 10,072 അപേക്ഷകളാണ്. സന്നദ്ധ സംഘടനകളും ക്യാംപസസ് ഓഫ് കോഴിക്കോടിലെയും കലക്ടേഴ്സ് ഇന്റേൺഷിപ്പിലെയും വിദ്യാർഥികളായിരുന്നു കരുത്തായത്.


നിപ്പ പ്രതിരോധം, കരിഞ്ചോലമല ഉരുൾപൊട്ടൽ, പ്രളയദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ജില്ലാഭരണകൂടത്തിന്റെ വിജയമായി. കലക്ടർ രൂപംനൽകിയ ക്യാംപസസ് ഓഫ് കോഴിക്കോടിന്റെ സംഭാവന ഈ പ്രവർത്തനങ്ങളിലും നിർണായകമായി. ജില്ലാ വികസന സമിതിയുടെ പ്രവർത്തന മികവ് തിരിച്ചുകൊണ്ടുവന്നതും വിവിധ വകുപ്പുകളുടെ ഫലപ്രദമായ ഏകോപനം സാധ്യമാക്കിയതും തുഷാരഗിരി കയാക്കിങ് ചാംപ്യൻഷിപിനെ ടൂറിസം വകുപ്പിന്റെ പരിപാടിയായി അവതരിപ്പിച്ചതുമെല്ലാം നേട്ടമായി.

കനോലി– കല്ലായി മാസ്റ്റർ പ്ലാനിനു മുന്നോടിയായുള്ള സാമൂഹിക, ഭൗതിക സർവേ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിനെയും വിവിധ കോളജുകളിലെ വിദ്യാർഥികളെയുമെല്ലാം ഉൾപ്പെടുത്തി ഒറ്റദിവസംകൊണ്ടു പൂർത്തിയാക്കിയതും പുതിയ മാതൃകയായി.

കലക്ടർ മാറിയാലും, പദ്ധതികൾ മുടങ്ങില്ല

തുടങ്ങിവച്ച പദ്ധതികൾ നിലച്ചുപോകില്ലെന്ന ഉറപ്പോടെയാണ് കലക്ടർ പടിയിറങ്ങുന്നത്. കാരണം, കലക്ടർ എന്നുവേണമെങ്കിലും മാറാം എന്ന യാഥാർഥ്യം മനസ്സിലാക്കിയാണു പദ്ധതികൾ ആസൂത്രണം ചെയ്തത്. കല്ലായിയിലെ കയ്യേറ്റഭൂമി തിരിച്ചുപിടിക്കാൻ ഇനി നിലവിലുള്ള കേസ് ഒഴിവായാൽ മാത്രം മതി. അതിനുശേഷം സർക്കാർ തീരുമാനമെടുത്താൽ ജോലി എളുപ്പമാണ്.
അതിനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്. കനോലി– കല്ലായി പദ്ധതിയും ആത്യന്തികമായി ഉദ്യോഗസ്ഥരെ ആശ്രയിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കനോലി ശുചീകരണത്തിന് എന്നും കോർപറേഷനാണ് മുൻകൈയെടുത്തിരുന്നത്. അതിനാൽ പദ്ധതിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. ശുചീകരണം മാത്രമാണ് പ്രാദേശികമായി ചെയ്യാനാകുന്നത്. ബാക്കിയുള്ള നവീകരണമെല്ലാം ജലപാതാ വികസന പദ്ധതിയുമായി ബന്ധപ്പെട്ടായിരിക്കും നടക്കുന്നത്.

ടൂറിസം ഇനിയും വളരണം

ജില്ലയിൽനിന്നു മടങ്ങുമ്പോൾ മുൻ ടൂറിസം ഡയറക്ടർ കൂടിയായ യു.വി. ജോസിന്റെ വിഷമം ടൂറിസത്തിൽ വിചാരിച്ചതെല്ലാം ചെയ്യാൻ കഴിഞ്ഞില്ലെന്നതാണ്. വലിയ സാധ്യതയാണ് ജില്ലയ്ക്കുള്ളത്. അതു പൂർണമായി ഉപയോഗിക്കാൻ സമയപരിമിതി മൂലം സാധിച്ചിട്ടില്ല. ഗുജറാത്തി സ്ട്രീറ്റ് വികസനം പോലെ പട്ടികയിലുണ്ടായിരുന്ന പദ്ധതികൾ ഒട്ടേറെയാണ്. അടുത്ത കലക്ടർ ഇതിൽ കൂടുതൽ ശ്രദ്ധിക്കുമെന്നാണു പ്രതീക്ഷയെന്നും യു.വി. ജോസ് പറയുന്നു.

Post a Comment

0 Comments