കോഴിക്കോട്:മെഡിക്കൽ കോളജിൽ പുതുതായി വാങ്ങിയ 11 വെന്റിലേറ്ററുകളും മാറ്റിസ്ഥാപിക്കും. ജില്ലയിലെ 11 എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ചാണ് വെന്റിലേറ്റർ വാങ്ങിയത്. ഇതിൽ ആറെണ്ണം പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം നാഷനൽ ഹെൽത്ത് മിഷൻ ബയോ മെഡിക്കൽ എൻജിനീയർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ യു.വി. ജോസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് 11 വെന്റിലേറ്ററും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. സ്ഥാപിച്ച ശേഷം മൂന്നു മാസം പ്രവർത്തനം നിരീക്ഷിക്കും. ഈ കാലയളവിൽ കമ്പനിയുടെ പ്രതിനിധി എല്ലാ സമയവും ഇവിടെയുണ്ടാകണം. പ്രവർത്തനം തൃപ്തികരമാണെങ്കിൽ മൂന്നു മാസം കഴിഞ്ഞു മാത്രമേ തുക നൽകുകയുള്ളു. സ്ഥാപിക്കുമ്പോഴും പണം നൽകുന്നതിനു മുൻപായും ബയോ മെഡിക്കൽ എൻജിനീയർ പരിശോധന നടത്തി റിപ്പോർട്ട് നൽകണം.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ടുമാരായ ഡോ. കെ.ജി. സജീത്ത് കുമാർ (എൻഎംസിഎച്ച്), ഡോ. സി. ശ്രീകുമാർ (ഐഎംസിഎച്ച്), ഡോ. ടി.പി. രാജഗോപാൽ (ചെസ്റ്റ് ഡിസീസസ്), ഡോ. കെ.എം. കുര്യാക്കോസ് (സൂപ്പർ സ്പെഷ്യൽറ്റി), അനസ്തീസിയ വിഭാഗം മേധാവി ഡോ. കെ.കെ. മുബാറക്, അക്കൗണ്ട്സ് ഓഫിസർ എം. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments