KMCT മെഡിക്കൽ കോളേജിലെ മലിന ജലശുദ്ധീകരണ പ്ലാന്റ്; നഗരസഭയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കളക്ടർ

കെ.എം.സി.ടി പരിസരത്തെ മലിനജലക്കെട്ട്‌

കോഴിക്കോട്: മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ ജലശുദ്ധീകരണ പ്ലാന്റിലെ മാലിന്യവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭയോട് കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് നൽക്കാൻ ആവശ്യപ്പെട്ടു. സാന്ദ്രം റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ 120-ഓളം വീട്ടുകാർ പരാതി നല്‍കിയത്.  കഴിഞ്ഞ 10 വര്‍ഷമായി കെ.എം.സി.ടി.യുടെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം കാരണം വലിയ ദുരിതത്തിലാണെന്നും മുക്കം ഗ്രാമപ്പഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മുക്കം നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കളക്ടര്‍ക്ക് പരാതി നല്‍കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. നഗരസഭയ്ക്കുപുറമേ ജില്ലാ ശുചിത്വമിഷനോടും വിശദമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ എന്നിവര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെങ്കിലും പരിശോധന പ്രഹസനമാണെന്ന ആരോപണത്തെ തുടര്‍ന്ന് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയും കഴിഞ്ഞ് ദിവസങ്ങളായെങ്കിലും യാതൊരു നടപടിയുമില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. കെ.എം.സി.ടി.യിലെ ശുദ്ധീകരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിച്ച് മലിനജലം സമീപത്തെ പറമ്പിലേക്ക് ഒഴുക്കിവിടുകയാണെന്നും വെള്ളം അശാസ്ത്രീയമായി കെട്ടി നിര്‍ത്തുന്നതിനാല്‍ പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. രേഖകള്‍ ഇതുവരെ ഹാജരാക്കിയില്ല ജല ശുദ്ധീകരണ പ്ലാന്റില്‍ പരിശോധന നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും പ്ലാന്റുമായി ബന്ധപ്പെട്ട രേഖകളൊന്നും കെ.എം.സി.ടി അധികൃതര്‍ നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല. ഏപ്രില്‍ മൂന്ന് ചൊവ്വാഴ്ചയാണ് നഗരസഭാ അധികൃതര്‍ പരിശോധന നടത്തിയത്. പ്ലാന്റുമായി ബന്ധപ്പെട്ട രേഖകള്‍ ബുധനാഴ്ച നഗരസഭയില്‍ ഹാജരാക്കാന്‍ നഗരസഭാ സെക്രട്ടറി കെ.എം.സി.ടി. അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. തുടര്‍നടപടി സ്വീകരിക്കും നിര്‍ദ്ദേശം നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും കെ.എം.സി.ടി. അധികൃതര്‍ രേഖകളൊന്നും നഗരസഭയില്‍ ഹാജരാക്കിയിട്ടില്ല.

Post a Comment

0 Comments