ഷൊര്‍ണൂര്‍-മംഗളൂരു പാത വൈദ്യുതീകരണം പൂർണതയിലേക്ക്; വണ്ടികൾ വൈദ്യുതി എൻജിനിലേക്ക് മാറുന്നു.


കോഴിക്കോട്:ഷൊര്‍ണൂര്‍-മംഗളൂരു റെയില്‍പ്പാത വൈദ്യുതീകരണം പൂർണതയിലേക്ക്. എഗ്മോര്‍ ഒഴികെയുള്ള വണ്ടികള്‍ ഇനി വൈദ്യുതിതി എൻജിനിലേക്ക് മാറുന്നു. മംഗളൂരു ജംക്ഷനിലേയും വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് ദിവസവണ്ടികള്‍ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിച്ചത്. കൊങ്കണ്‍ വഴിയുള്ള നേത്രാവതി, മംഗള എക്‌സ്​പ്രസുകള്‍ വൈദ്യുതി എന്‍ജിനില്‍ ഓടാന്‍ തുടങ്ങി. അടുത്ത റെയില്‍വേ ടൈംടേബിള്‍ മുതല്‍ ഈ വണ്ടികളുടെ സമയം 20 മിനിറ്റിലധികം മാറും. ഷൊര്‍ണൂരില്‍നിന്നുള്ള എന്‍ജിന്‍ മാറ്റല്‍ പ്രവൃത്തിയുടെ സമയലാഭം യാത്രക്കാര്‍ക്ക് കിട്ടും. നിലവില്‍ തിരുവനന്തപുരത്തുനിന്ന് വൈദ്യുതി എന്‍ജിന്‍ ഘടിപ്പിച്ചാണ് നേത്രാവതി വരുന്നത്. ഷൊര്‍ണൂരില്‍വെച്ച് ഡീസല്‍ എന്‍ജിനിലേക്ക് മാറും. തുടര്‍ന്ന് മംഗളൂരു ജങ്ഷനിലൂടെ കൊങ്കണിലേക്ക് പ്രവേശിക്കുകയാണ് പതിവ്. ഇനി ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരു ജങ്ഷന്‍ വരെയുള്ള 308 കിലോമീറ്ററില്‍ വൈദ്യുതി എന്‍ജിനിലൂടെ ഓടും. കൊങ്കണ്‍ ഭാഗത്തുനിന്ന് വരുമ്പോള്‍ മംഗളൂരു ജങ്ഷനില്‍ ഡീസല്‍ എന്‍ജിന്‍ മാറ്റും. പകരം വൈദ്യുതി എന്‍ജിന്‍ ഘടിപ്പിക്കും. സാന്ദ്രാഗച്ചി തുടങ്ങിയ ആഴ്ചവണ്ടികളും വൈദ്യുതി എന്‍ജിനിലേക്ക് ഉടന്‍ മാറും. ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരുവരെ ആറ് സബ്‌സ്റ്റേഷനുകളാണ് റെയില്‍വേയ്ക്കുള്ളത്. ഇവിടെനിന്നാണ് വൈദ്യുതി എടുക്കുന്നത്. 25 കെ.വി. വൈദ്യുതിയാണ് വൈദ്യുതി എന്‍ജിനു വേണ്ടത്. കര്‍ണാടക ജെക്കോട്ടയിലെ സബ്‌സ്റ്റേഷന്റെ നിര്‍മാണപ്രവൃത്തി നടക്കുകയാണ്. ഉപ്പള ഒഴികെയുള്ള സബ്‌സ്റ്റേഷനിലേക്ക് കെ.എസ്.ഇ.ബി.യാണ് വൈദ്യുതി നല്‍കുന്നത്. ഉപ്പള 110/25 കെ.വി. റെയില്‍വേ സബ്‌സ്റ്റേഷന് കര്‍ണാടകയാണ് വൈദ്യുതി നല്‍കുന്നത്. അഞ്ച് മെഗാവാട്ടാണ് ലഭിക്കുന്നത്

Post a Comment

0 Comments