സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് മാറ്റുമെന്ന് മേയർ


കോഴിക്കോട്:പ്രദേശവാസികൾ തുടർച്ചയായി പരാതിപ്പെടുന്ന സാഹചര്യത്തിൽ സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് മാറ്റാൻ നടപടിയെടുക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉറപ്പു നൽകി. ബീച്ച് റോ‍ഡിനോടു ചേർന്ന് കോയാ റോഡിലെ സ്വകാര്യ ഭൂമിയിൽ ലോറി പാർക്കിങ്ങിനു സ്ഥലമൊരുക്കും. ഇവിടെ ഫീസ് നൽകി ലോറികൾക്കു പാർക്ക് ചെയ്യാനാകും. നൂറിലധികം ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം ലഭ്യമാണ്. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ട്രാഫിക് റഗുലേറ്ററി അതോറിറ്റി തീരുമാനമെടുക്കുമെന്നും മേയർ പറഞ്ഞു. സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് ഒഴിവാക്കുന്നതു സംബന്ധിച്ച് പോർട്ട് ഓഫിസറുമായി സംസാരിച്ചിട്ടുണ്ട്. തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായും വിഷയം ചർച്ചചെയ്യുമെന്ന് മേയർ അറിയിച്ചു.

സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാൻഡും ബീച്ച് റോഡിലെ ലോറി പാർക്കിങ്ങും ഒഴിവാക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. പാർക്കിങ് നിരോധനമുള്ള ഈ ഭാഗത്ത് ലോറികൾ നിർത്തിയിടുന്നതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വീതികുറഞ്ഞ റോഡിൽ ലോറികൾ ഒട്ടേറെ അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ലോറിയിടിച്ച് രണ്ടുവർഷത്തിനുള്ളിൽ ആറുപേർ മരിച്ചതായി നാട്ടുകാർ പറയുന്നു. പ്രദേശത്തു പാർക്ക് ചെയ്യുന്ന ലോറികളിലെ ജീവനക്കാർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല. ഇതിനെത്തുടർന്ന് ഇവർ കടപ്പുറത്തെ തുറസ്സായ സ്ഥലത്ത് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ നിർബന്ധിതരാകുകയാണ്.

കോടികൾ മുടക്കി സൗന്ദര്യവൽക്കരണം നടത്തിയ സൗത്ത് ബീച്ചിലെത്തുന്ന സന്ദർശകർക്ക് ഇത് അറപ്പുളവാക്കുന്ന കാഴ്ചയുമാകുന്നു. പ്രദേശത്താകെ ദുർഗന്ധവും വ്യാപിക്കുന്നുണ്ട്. ലോറി സ്റ്റാൻഡിന്റെ മറവിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഈ വിഷയങ്ങളെല്ലാം ഉയർത്തിക്കാട്ടി തെക്കേപ്പുറം കോ–ഓർഡിനേഷൻ കമ്മിറ്റി, പട്ടുതെരുവ് റസിഡന്റ്സ് അസോസിയേഷൻ, ഗുജറാത്തി സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ എന്നിവരും പ്രദേശത്തെ ബോറ, ജെയ്ൻ കൂട്ടായ്മകളുമാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. സൗത്ത് ബീച്ച് പരിസരത്തെ മലിനീകരണം സന്ദർശകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശത്തെ ഹോട്ടലുകൾക്കും പരാതിയുണ്ട്.

സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് നിർത്തലാക്കുന്നതു പരിഗണിക്കുമെന്ന് പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് പറഞ്ഞിരുന്നു. ലോറി ജീവനക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകണം: കാലിക്കറ്റ് ചേംബർ ലോറി പാർക്കിങ് ഏർപ്പെടുത്തുന്ന സ്ഥലത്ത് ജീവനക്കാർക്കായി മികച്ച സൗകര്യം ഏർപ്പെടുത്തണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. വൃത്തിയുള്ള ശുചിമുറികൾ ആവശ്യത്തിനുണ്ടാകണം. വിശ്രമിക്കാനും മറ്റുമുള്ള സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ചേംബർ സെക്രട്ടറി ഡോ. എ.എം. ഷെരീഫ് പറഞ്ഞു. തുറമുഖ വകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാൻഡ് ഒഴിവാക്കിയാൽ സർക്കാരിനു മികച്ച വരുമാനമുണ്ടാകുന്ന രീതിയിൽ ആ സ്ഥലത്തു വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ തയാറാണെന്നും കാലിക്കറ്റ് ചേംബർ പോർട്ട് ഓഫിസറെ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments