കണ്ടെയ്നർ വഴിയുള്ള ചരക്കുനീക്കം സജീവമാക്കി ബേപ്പൂർ തുറമുഖം


കോഴിക്കോട്: ഇന്നലെ രാവിലെ 'ഗ്രേറ്റ് സീ വേമ്പനാട് ’ എന്ന കപ്പലിൽ 31 കണ്ടെയ്നറുകളാണ് തുറമുഖത്തിറക്കിയത്. കഴിഞ്ഞ 25 ദിവസത്തിനകം മൂന്നാം തവണയാണ് ബേപ്പൂരിൽ കണ്ടെയ്നർ കപ്പലെത്തുന്നത്.  തുടർച്ചയായുള്ള കണ്ടെയ്നർ വരവ് ബേപ്പൂർ തുറമുഖത്തിന്റെ  സാമ്പത്തിക വളർച്ചക്ക‌് വേഗമേറ്റും.  ബേപ്പൂർ തുറമുഖ ചരിത്രത്തിൽ ആദ്യമായാണ് ഇടതടവില്ലാതെ കണ്ടെയ്നറുകൾ എത്തുന്നത്.  കണ്ടെയ്നർ കയറ്റിറക്ക് കാണാൻ VKC മമ്മദ്  കോയ എംഎൽഎയും തുറമുഖത്തെത്തിയിരുന്നു.   
ഗുജറാത്തിൽനിന്നും വലിയ കപ്പലിൽ  കൊച്ചിയിലെത്തിച്ചശേഷമാണ് ഇവിടെനിന്നും ബേപ്പൂരിലെത്തിക്കുന്നത്.  മലബാർ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള തറയോടുകളാണ് മിക്ക കണ്ടെയ‌്നറുകളിലുമുള്ളത‌്.

കോസ്റ്റൽ ഷിപ്പിങ് പദ്ധതി പ്രോത്സാഹിപ്പിച്ച് ചെറുകിട, ഇടത്തരം തുറമുഖങ്ങളെ സജീവമാക്കാനുളള തീരുമാനത്തിന്റെ ഭാഗമായാണ് കപ്പൽമാർഗമുള്ള ചരക്കുനീക്കം സജീവമാക്കുന്നത്. ബേപ്പൂരിൽ കൂടുതൽ കണ്ടെയ്നറുകൾ എത്തുന്നതിന് മലബാറിലെ വ്യാപാരി വ്യവസായി സംഘടനകൾ, ഷിപ്പിങ‌് കമ്പനികൾ, വിവിധ അനുബന്ധ ഏജൻസികൾ 
എന്നിവയുമായി അധികൃതർ പലതവണ ചർച്ച നടത്തിയിരുന്നു.  പോർട്ട് ഓഫീസും ഫലപ്രദമായി ഇടപെട്ടു.  ഇതിന്റെയെല്ലാം ഗുണഫലമാണിപ്പോൾ കണ്ടുവരുന്നത്.

കണ്ടെയ്നറുകളിലെത്തുന്ന തറയോടുകൾ കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലേക്കുള്ളതാണ്. റോഡ് മാർഗം ഉത്തരേന്ത്യയിൽ നിന്നും കണ്ടെയ്നറുകൾ എത്തിക്കുന്നതിലും വൻ സാമ്പത്തികലാഭമാണ് കപ്പൽ മാർഗമുള്ള കണ്ടെയ്നർ ഇറക്കുമതി. ഇത‌് തുടർന്നാൽ തുറമുഖത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാകും. കണ്ടെയ്നർ കയറ്റിറക്കാനായി  22 കോടി ചെലവിട്ട് വിദേശ നിർമിത കണ്ടെയ്നർ ഹാൻഡ‌് ലിങ് ക്രെയിനും  കണ്ടെയ്നർ റീച്ച് സ്റ്റേക്കറും തുറമുഖത്ത് എത്തിച്ചിരുന്നു. ഇതുപയോഗിച്ചാണ് കപ്പലിൽനിന്നും കണ്ടെയ്നറുകളിറക്കുന്നത്.  തുറമുഖ വികസനത്തിനായി വാർഫ് നീളം കൂട്ടൽ ഉൾപ്പെടെ സർക്കാർ കോടികളുടെ വിവിധ പദ്ധതികളാണ‌് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത‌്. ഇതോടൊപ്പം തുറമുഖത്തേക്ക് ഫറോക്കിലൂടെ  മംഗളൂരു ഷൊർണൂർ റെയിൽപ്പാതയിൽനിന്നും പ്രത്യേക ലൈൻ നേരിട്ട് കൊണ്ടുവരുന്നതിനുള്ള പഠനവും നടന്നുവരികയാണ്. കണ്ടെയ്നർ എത്തിയ വിവരമറിഞ്ഞാണ് വി കെ സി മമ്മദ് കോയ എംഎൽഎ തുറമുഖത്തെത്തിയത്. കണ്ടെയ്നർ കയറ്റിറക്കിന്റെ സ്ഥിതി വിവരങ്ങളും തുറമുഖത്തെ ചരക്കു കയറ്റിറക്കമായി ബന്ധപ്പെട്ട കാര്യങ്ങളും പോർട്ട് മാനേജർ മൂസ അനസും സാങ്കേതിക കാര്യങ്ങൾ അസി.എൻജിനിയർ ജീവാനന്ദും വിവരിച്ചു. 

Post a Comment

0 Comments