കോഴിക്കോട്: പേരാമ്പ്രയിലെ ഇ.എം.എസ്. സഹകരണ ആശുപത്രി ചെമ്പ്ര റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. 13-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എ.കെ. പത്മനാഭന്‍, ജനറല്‍ കണ്‍വീനര്‍ ടി.കെ. ലോഹിതാക്ഷന്‍, സെക്രട്ടറി സി. റജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷനും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ മുഖ്യാതിഥിയുമാകും. 2003 മുതല്‍ പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം വാടക കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആറ് നിലകളിലായി 4600 ചതുരശ്ര മീറ്റര്‍ വീസ്തൃതിയുള്ളതാണ് പുതിയ ആശുപത്രി. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ഇ.എന്‍.ടി., ജനറല്‍ സര്‍ജറി, ഗൈനക്കോളജി, ഡെര്‍മെറ്റോളജി, ഡെന്റല്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉണ്ടാകും. ട്രോമാ കെയര്‍ സൗകര്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റിയും സജ്ജമാക്കുന്നുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ധനസഹായത്തോടെ സ്ഥാപിച്ച ബ്ലഡ് ബാങ്കും ആസ്പത്രിയില്‍ പ്രവര്‍ത്തിക്കും. മാലിന്യസംസ്‌കരണത്തിന് ആധുനിക പ്ലാന്റുമൊരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ആശുപത്രി ഡയറക്ടര്‍മാരായ സി.കെ. ശശി, ഇ. ഗോപാലന്‍, എം.ജെ. ത്രേസ്യാമ്മ, വി.കെ. സുമതി, ഇ.കെ. കമലാദേവി എന്നിവരും പങ്കെടുത്തു.
0 Comments