കോഴിക്കോട്:നാദാപുരം ചേലക്കാട് മിനി സ്റ്റേഡിയത്തിലെ സ്റ്റേജിൽ ഞെരുങ്ങിക്കഴിയുന്ന ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം പണിയുന്നതിന് നാദാപുരം ഗവ. ആശുപത്രിക്കു സമീപമുള്ള 25 സെന്റ് ഭൂമി സൗജന്യമായി ലഭിച്ചു. തുണേരി കേളോത്ത് ഇസ്മായിൽ 15 സെന്റും എൻ.എം. റഫീഖ് തങ്ങൾ 10 സെന്റുമാണ് സൗജന്യമായി നൽകിയത്. ഭുമിയുടെ രേഖ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ഇ.കെ. വിജയൻ എംഎൽഎ, വി.പി.കുഞ്ഞിക്കൃഷ്ണൻ, സി.എച്ച്. മോഹനൻ, വാർഡ് മെംബർ വി.എ.മുഹമ്മദ് ഹാജി, എരോത്ത് ഫൈസൽ, സ്ഥലം ഉടമകളിൽ ഒരാളായ ഇസ്മായിൽ കേളോത്ത്, സി.വി.ഹമീദ്, നൗഷാദ് കേളോത്ത്, എം. വിനോദൻ എന്നിവർ സന്നിഹിതരായി. ഫയർ സ്റ്റേഷന് കെട്ടിടം പണിയുന്നതിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. ലഭ്യമായ സ്ഥലം ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിനു കൈമാറുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ മാത്രമേ കെട്ടിട നിർമാണം തുടങ്ങാൻ കഴിയൂ. 2009 മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്ത ഫയർ സ്റ്റേഷൻ ഇക്കാലമത്രയും ഏറെ പ്രയാസപ്പെട്ടാണ് പ്രവർത്തിച്ചുവരുന്നത്.
0 Comments