ജില്ലയിൽ കനത്ത മഴ; കൊയിലാണ്ടിയിൽ ഏഴ് വഞ്ചികൾ തകർന്നുകോഴിക്കോട‌്:കാലവർഷത്തിന‌് തുടക്കമായതോടെ ഇന്നലെ ജില്ലയിൽ കനത്ത മഴ. പലയിടത്തും ശക്തമായ കാറ്റും വീശി. കൊയിലാണ്ടിയിൽ കടൽക്ഷോഭത്തിൽ ബോട്ടുകൾ തകർന്നു. നിരവധി വീടുകളും തകർന്നു. ചൊവ്വാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ട ഏഴ‌് വഞ്ചികൾ തകർന്നു. വഞ്ചികൾ തമ്മിൽ കൂട്ടിയിടിച്ചാണ് തകർന്നത്. പയ്യോളി മുതൽ കാപ്പാട് വരെ വലിയ തിരമാലകളാണ് കരയിലേക്ക്  അടിച്ചുകൊണ്ടിരിക്കുന്നത‌്. മീൻപിടിക്കാൻ പോയ വഞ്ചികൾ തിരികെ ഹാർബറിലേക്ക് എത്തിക്കാൻ തൊഴിലാളികൾക്ക് വലിയ സാഹസം നടത്തേണ്ടിവന്നു. പുതിയാപ്പ ഹാർബറിൽ അടുപ്പിക്കാൻ കഴിയാത്തതിനാൽ മൂന്നു വലിയ വഞ്ചികൾ കൊയിലാണ്ടി ഹാർബറിൽ കരക്കെത്തിച്ചു. നിവേദ്യ, പ്രണവം, തിരുവാണി, ശിവകീർത്തന, സാരംഗിമോൾ  എന്നീ വഞ്ചികളും വിവേകാനന്ദയുടെ രണ്ട്  വഞ്ചികളുമാണ് ഹാർബറിൽ തകർന്നത്.  ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. രാവിലെയാണ് ശക്തമായ കാറ്റടിച്ചത്. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് അധികം താമസിയാതെ ഹാർബറിൽ എത്താൻ കഴിഞ്ഞു.  രാത്രിയാണെങ്കിൽ നഷ്ടം ഇനിയും വർധിക്കുമായിരുന്നു. കൊയിലാണ്ടി ഹാർബർ ഇനിയും ഉദ്ഘാടനം ചെയ്യാത്തതിനാൽ ഫിഷറീസ് വകുപ്പിെന്റ സുരക്ഷാ ബോട്ടുകൾ കൊയിലാണ്ടിയിലില്ല. മെയ് അവസാനം കൊയിലാണ്ടി ഹാർബർ ഉദ്ഘാടനം ചെയ്യാനായുള്ള പ്രവർത്തനങ്ങൾ സർക്കാർ നിർദേശ പ്രകാരം നീക്കിയിരുന്നെങ്കിലും ചില രാഷ്ട്രീയപാർടികളുടെ ബോധപൂർവമായ പ്രവർത്തനംകൊണ്ട‌് അത് തടസ്സപ്പെടുകയായിരുന്നു. കടൽ കരയിലേക്ക് അടിച്ചു കയറൽ സ്ഥിരമായതോടെ കൊയിലാണ്ടി മുതൽ കാപ്പാട് വരെയുള്ള തീരദേശ റോഡിൽ പല ഭാഗങ്ങളും പൂർണമായി തകർന്നു. ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നതിനാലാണ് റോഡ് തകർന്നത്.

Post a Comment

0 Comments