മിഠായിതെരുവ്​; കോർപറേഷൻ സ്ഥലം അനുവദിക്കുകയാണെങ്കിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ പാർക്കിങ്​ സൗകര്യം ഒരുക്കാൻ തയ്യാർ



കോഴിക്കോട്: മിഠായിതെരുവിലെ കിഡ്സൺ ബിൽഡിങ്ങിൽ കോർപറേഷൻ സ്ഥലം അനുവദിക്കുകയാെണങ്കിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ ഒരു വർഷത്തിനകം പാർക്കിങ് സംവിധാനം ഒരുക്കാൻ തയാറാണെന്ന് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മാനേജ്മെൻറ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പാർക്കിങ് സംവിധാനമൊരുക്കാതെ മിഠായിതെരുവിലേക്ക് വാഹനഗതാഗതം നിരോധിച്ചതുമൂലം കനത്ത വ്യാപാരമാന്ദ്യത്തിലാണ് കച്ചവടക്കാർ. പ്രതിസന്ധി രൂക്ഷമായതോടെ നിരവധി കച്ചവട സ്ഥാപനങ്ങൾ മുന്നോട്ടു പോകാനാവാതെ പൂട്ടിക്കഴിഞ്ഞു. ഇതിനൊരു പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ വരും നാളുകളിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചുപൂേട്ടണ്ടി വരും. മിഠായിതെരുവിലെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ ജി.എസ്.ടിമൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വാണിജ്യാവശ്യങ്ങൾക്ക് ലോൺ അനുവദിക്കുന്നതിൽ ബാങ്കുകൾ കാണിക്കുന്ന താൽപര്യമില്ലായ്മയെപ്പറ്റിയും ചർച്ച ചെയ്യാൻ മലബാർ മേഖലയിലെ വ്യാപാര വ്യവസായ സംഘടനകളുടെ അടിയന്തര യോഗം ചേരാനും തീരുമാനിച്ചു. പ്രസിഡൻറ് ഐപ്പ് തോമസ്, സെക്രട്ടറി ഡോ. എ.എം. ഷരീഫ്, വൈസ് പ്രസിഡൻറുമാരായ ടി.പി. വാസു, സുബൈർ കൊളക്കാടൻ, ജോ. സെക്രട്ടറി പി.എം. ഷാനവാസ്, ജോഹർ ടാംടൺ, ട്രഷറർ എം.കെ. നാസർ, ഡോ. കെ. മൊയ്തു, ടി.പി. അഹമ്മദ് കോയ, സി.ഇ. ചാക്കുണ്ണി, പി.ടി.എസ് ഉണ്ണി, കുഞ്ഞോത് അബൂബക്കർ, എ.പി. അബ്ദുല്ലക്കുട്ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments