കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം അതിസുരക്ഷാസംവിധാനത്തിലേക്ക് മാറുന്നു. ഇന്റര്‍നാഷണല്‍ ഷിപ്പ്‌സ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ഫെസിലിറ്റി കോഡിന് കീഴില്‍ നിരോധിതമേഖലയായ തുറമുഖത്ത്, കടലില്‍ 30 നോട്ടിക്കല്‍മൈല്‍വരെ അകലെ സഞ്ചരിക്കുന്ന കപ്പലുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളെ നിരീക്ഷിക്കുന്നതിനും നീക്കങ്ങള്‍ അറിയുന്നതിനുമുള്ള വെസ്സല്‍ ട്രാഫിക് മോണിട്ടിങ് സിസ്റ്റം (വി.ടി.എം.എസ്.) പ്രവര്‍ത്തിച്ചുതുടങ്ങി. തുറമുഖത്തേക്ക് വരുന്നതും പോവുന്നതുമായ കണ്ടെയ്‌നര്‍ കപ്പലുകള്‍, ചരക്കുകപ്പലുകള്‍, ബാര്‍ജുകള്‍, യന്ത്രവത്കൃത ഉരുക്കള്‍, യാത്രക്കപ്പലുകള്‍, ടഗ്ഗുകള്‍ തുടങ്ങിയവയെ തുറമുഖത്തെ കണ്‍ട്രോള്‍ റൂമില്‍ സജ്ജമാക്കിയ സ്‌ക്രീനുകളില്‍ തെളിഞ്ഞുകാണാവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു അഡ്മിനും ഒരു ഓപ്പറേറ്ററും ഉള്‍പ്പെടുന്ന വി.ടി.എം.എസ്. സംവിധാനമാണിത്. തുറമുഖത്തെ കയറ്റിറക്കുമതി, തുറമുഖകവാടത്തിലൂടെ വാര്‍ഫിലേക്ക് പ്രവേശിക്കുന്ന ട്രക്കുകള്‍, യാത്രക്കാര്‍, തുറമുഖകവാടത്തിനുസമീപം നിര്‍മാണം പൂര്‍ത്തിയായിവരുന്ന പരിശോധനാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം എന്നിവയെല്ലാം കണ്‍ട്രോള്‍ റൂം ഒപ്പിയെടുക്കും. നേരത്തേ തുറമുഖത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി. സംവിധാനം പ്രവര്‍ത്തനരഹിതമായതിനാല്‍ പുതിയ സംവിധാനമൊരുക്കാനും നടപടിസ്വീകരിക്കും. ആഴക്കടലിലൂടെ പോകുന്ന കപ്പലുകള്‍ തിരിച്ചറിയുന്നതിനും കപ്പലുകളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും വി.ടി.എം.എസ്. സംവിധാനം വഴി സാധ്യമായെന്ന് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് 'മാതൃഭൂമി'യോട് പറഞ്ഞു. അമേരിക്കയിലും മുംബൈയിലും നടന്ന ഭീകരാക്രമണപശ്ചാത്തലത്തിലാണ് ഇന്ത്യയിലെ തുറമുഖങ്ങളില്‍ ഐ.എസ്.പി.എസ്. കോഡ് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. ഒരുകിലോമീറ്ററോളം കടലിലേക്ക് തള്ളിനില്‍ക്കുന്ന പുലിമുട്ടില്‍ ഇനി മുഴുവന്‍സമയ നിരീക്ഷണമേര്‍പ്പെടുത്തും. തുറമുഖജോലിക്കാര്‍ക്ക് സുരക്ഷാ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. തുറമുഖകവാടത്തില്‍ ബാരിയറിനുപുറമേ സ്പീഡ് ബ്രേക്കുകളും സ്ഥാപിച്ചിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, എക്‌സ്‌റേ എന്നിവ ഉള്‍പ്പെടുന്ന സ്‌കാനിങ് റൂം പുതിയ പരിശോധനാകേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെനിന്നായിരിക്കും ദ്വീപ് കപ്പലില്‍ യാത്രചെയ്യേണ്ടിവരുന്നവരെയും അവരുടെ ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കുക. ബേപ്പൂര്‍ തുറമുഖത്തെ സമഗ്രസുരക്ഷയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴില്‍ എമിഗ്രേഷന്‍ ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിദേശയാത്രക്കാര്‍ ഉള്‍പ്പെടെ, കപ്പലുകളിലും യന്ത്രവത്കൃത ഉരുക്കളിലും എത്തുന്നവരുടെ രേഖകളും മറ്റും ഈ കേന്ദ്രത്തില്‍വെച്ചാണ് പരിശോധിക്കുന്നത്. തുറമുഖത്തെ എല്ലാ ജീവനക്കാര്‍ക്കും ഫോട്ടോപതിച്ച തിരിച്ചറിയല്‍കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള അറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ള വയര്‍ലെസ് തുറമുഖത്ത് ഒരുക്കുന്നുണ്ട്. കേരള ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് സുരക്ഷാസംവിധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. മര്‍ക്കന്റെയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സര്‍വേയര്‍ ക്യാപ്റ്റന്‍ സിംഗോളിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ മിക്കവാറും പൂര്‍ത്തീകരിച്ചത്. നേരത്തെ മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് സംഘവും കേന്ദ്ര രഹസ്യാന്വേഷണ പോലീസും ബേപ്പൂര്‍ തുറമുഖത്തെ സുരക്ഷാ സംവിധാനം സംബന്ധിച്ച് സമഗ്ര അവലോകനം നടത്തിയിരുന്നു.
0 Comments