വയലട ടൂറിസം വികസനം: 3.4 കോടിയുടെ പദ്ധതിക്ക് നിര്‍മാണാനുമതിയായി


കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലം ടൂറിസം കോറിഡോര്‍ പദ്ധതിയുടെ ഭാഗമായി വയലട മലമുകളില്‍ വിവിധ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി സര്‍ക്കാരില്‍നിന്ന് 3.4 കോടി രൂപയുടെ പ്രവര്‍ത്തന അനുമതി ലഭിച്ചു. പദ്ധതി പ്രദേശം ജില്ലാ കളക്ടര്‍ യു.വി. ജോസ്, പുരുഷന്‍ കടലുണ്ടി എം.എല്‍.എ., പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി, വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ് കമ്പനിക്കാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. വയലടമലയിലെ മുള്ളന്‍പാറ, കോട്ടകുന്ന് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഒന്നാംഘട്ട പദ്ധതി ആരംഭിക്കുക. കണയങ്കോട് പുഴമുതല്‍ കക്കയം വരെ നീണ്ടുകിടക്കുന്ന ടൂറിസം പദ്ധതിക്കാണ് ബാലുശ്ശേരി മണ്ഡലത്തില്‍ ഇതിനകം തുടക്കം കുറിച്ചിരിക്കുന്നത്.

നിര്‍മാണപ്രവര്‍ത്തി ഉദ്ഘാടനം അടുത്തമാസം ടൂറിസം വകുപ്പ് മന്ത്രി നിര്‍വഹിക്കുമെന്ന് എം.എല്‍.എ. പറഞ്ഞു . ടൂറിസത്തിന് ഏറെസാധ്യതയുള്ള തലയാട് ചുരത്തോട് മലമ്പ്രദേശത്തും കലക്ടര്‍ സന്ദര്‍ശനം നടത്തി. മലമുകളിലെ ഏറുമാടങ്ങളും വള്ളച്ചാട്ടവും പൂനൂര്‍ പുഴയുടെ ഉദ്ഭവസ്ഥാനവും കളക്ടര്‍ സന്ദര്‍ശിച്ചു. സമശീതോഷ്ണ കാലാവസ്ഥയുള്ള ചുരത്തോട് മലയിലും വയലടയിലും പ്രകൃതി ഭംഗി നശിക്കാത്ത തരത്തിലുള്ള ടൂറിസം പദ്ധതികളാണ് നടപ്പാക്കേണ്ടതെന്ന് കളക്ടര്‍ പറഞ്ഞു. തലയാട് അങ്ങാടിയില്‍നിന്ന് ജീപ്പ് മാര്‍ഗം വയലട മലയിലും ചുരത്തരോട് മലയിലും എത്താന്‍ കഴിയും. ധാരാളം വിനോദസഞ്ചാരികള്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ മലമുകളില്‍ എത്താറുണ്ട്.

Post a Comment

0 Comments